അര്‍ഹരായ കുട്ടികള്‍ക്ക് കുറഞ്ഞ ചിലവില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ;അവസരമൊരുക്കി ആസ്റ്റര്‍ മെഡ്സിറ്റി

പ്രഖ്യാപനം 200 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തീകരണവേളയില്‍.അര്‍ഹരായ പീഡിയാട്രിക്ക് രോഗികള്‍ക്ക് പ്രത്യേക നിരക്കില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് അവസരമൊരുക്കുമെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍ പറഞ്ഞു.

Update: 2021-04-20 06:58 GMT

കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കരള്‍രോഗികളായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആശ്വാസവുമായി ആസ്റ്റര്‍ മെഡ്സിറ്റി. അര്‍ഹരായ പീഡിയാട്രിക്ക് രോഗികള്‍ക്ക് പ്രത്യേക നിരക്കില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് അവസരമൊരുക്കുമെന്ന് ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ അമ്പിളി വിജയരാഘവന്‍ പറഞ്ഞു.ആശുപത്രിയില്‍ നടത്തിയ 200 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ആശുപത്രിയുടെ പ്രഖ്യാപനം.

ഭാരിച്ച ചികില്‍സാ ചിലവ് മൂലം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ വിഷമിച്ചവര്‍ക്കു ആസ്റ്റര്‍ മെഡ്സിറ്റി സ്വീകരിച്ച നൂതന മാര്‍ഗത്തിലൂടെ ശസ്ത്രക്രിയ പ്രയോജനപ്പെടുത്താന്‍ സാധിച്ചതായി മള്‍ട്ടി ഓര്‍ഗന്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാദര്‍ ഡേവിസ് ചിറമേല്‍ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ മുഖ്യാതിഥിയായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ നൂറിലധികം രോഗികളും ദാതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയില്‍ രോഗികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ചടങ്ങില്‍ ഡോ. ചാള്‍സ് പനയ്ക്കല്‍ നന്ദി രേഖപ്പെടുത്തി.

Tags: