അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ദ്ധരുടെ രാജ്യന്തര സമ്മേളനം 21 മുതല്‍

മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ നാഷണല്‍ ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (നോട്ടോ), സംസ്ഥാന, പ്രാദേശിക യൂനിറ്റുകളായ സോട്ടോ , റോട്ടോ, എന്നിവയും രാജ്യാന്തര പ്രതിനിധികളും ചേര്‍ന്ന് കാര്യക്ഷമവും കുറ്റമറ്റതുമായ അവയവ ലഭ്യത, ദാനം, ട്രാന്‍സ്പോര്‍ട്ടേഷന്‍, ചികില്‍സ എന്നിവ സംബന്ധിച്ച ക്രമീകരണം, നയരൂപീകരണം, പ്രായോഗിക നടപടികള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് സംഘാടക ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു

Update: 2020-08-19 04:49 GMT

കൊച്ചി: അവയവ ദാനവും മാറ്റിവെക്കല്‍ ശസ്ത്രക്രിയകളും ഏകോപിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന മെഡിക്കല്‍ വിദഗ്ദ്ധരും സംഘടനകളും ഒത്തുചേരുന്ന രാജ്യാന്തര സമ്മേളനം ഈ മാസം 21 മുതല്‍ 23 വരെ നടക്കും.മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ നാഷണല്‍ ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (നോട്ടോ), സംസ്ഥാന, പ്രാദേശിക യൂനിറ്റുകളായ സോട്ടോ , റോട്ടോ, എന്നിവയും രാജ്യാന്തര പ്രതിനിധികളും ചേര്‍ന്ന് കാര്യക്ഷമവും കുറ്റമറ്റതുമായ അവയവ ലഭ്യത, ദാനം, ട്രാന്‍സ്പോര്‍ട്ടേഷന്‍, ചികില്‍സ എന്നിവ സംബന്ധിച്ച ക്രമീകരണം, നയരൂപീകരണം, പ്രായോഗിക നടപടികള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് സംഘാടക ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റേഷന്‍ വിദഗ്ധരുടെ കൂട്ടായ്മയായ സൊസൈറ്റി ഫോര്‍ ഹാര്‍ട്ട് ഫേയിലര്‍ ആന്റ് ട്രാന്‍സ്പ്ലാന്റേഷന്‍ (ടളഒഎഠ) ഹൈബ്രിഡ് വെര്‍ച്വല്‍ സാങ്കേതിക വിദ്യ വഴിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.നോട്ടോ ഡയറക്ടര്‍ ഡോ. വസന്തി രമേശ് 21 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സിഡ്നിയിലെ വിദഗ്ധ കാര്‍ഡിയോത്തോറാസിക്, ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. കുമുദ് ദിത്താല്‍ അധ്യക്ഷത വഹിക്കും.മരണപ്പെട്ടവരിലെ അവയവ ദാന പദ്ധതി കഴിഞ്ഞ ഒരു ദശകത്തില്‍ രാജ്യത്ത് ഏറെ ശക്തി പ്രാപിച്ചുവെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇതിന് നല്ല പ്രോല്‍സാഹനമാണ് നല്‍കുന്നത്.അവയവദാനം വര്‍ധിക്കുമ്പോഴും അവശ്യമനുസരിച്ച് ലഭ്യമാവാതെ പാഴാവുന്ന അവസ്ഥയുണ്ട്. അതിനാല്‍ കൂടുതല്‍ ഏകോപിത പ്രവര്‍ത്തനം ആവശ്യമാണ്.

മികച്ച നിയമനിര്‍മ്മാണങ്ങളും നൂതന ആശയങ്ങളും വൈദഗ്ധ്യവും സംയോജിപ്പിച്ച് തടസ്സമില്ലാത്ത അവയവ ദാന പരിപാടി വികസിപ്പിക്കുക സമ്മേളനത്തിന്റെ ലക്ഷ്യമാണെന്ന് എസ്എഫ്എച്ച് എഫ് ടി പ്രസിഡന്റ് ഡോ. വി നന്ദകുമാര്‍ പറഞ്ഞു.മരണപ്പെട്ടവരിലെ അവയവദാനം, മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്നിവക്ക് പുറമേ, അവയുടെ ചെലവ് കുറവ്, ലോജിസ്റ്റിക്സ്, ഡാറ്റ ശേഖരണം, തുടര്‍ ചികില്‍സ പ്രോട്ടോക്കോളുകള്‍, എന്നിവയും സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് എസ്എഫ്എച്ച്എഫ്ടി സെക്രട്ടറി ഡോ. ജാബിര്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിലവിലുള്ള അവയവ ദാനത്തിന്റെയും ട്രാന്‍സ്പ്ലാന്റേഷന്റെയും നിയമങ്ങളും, പ്രവര്‍ത്തന രീതികളും സംബന്ധിച്ച പാനല്‍ ചര്‍ച്ചകള്‍ സമ്മേളനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. ജാബിര്‍ പറഞ്ഞു.ഡോ. കുമുദ് ദിത്താല്‍, (ഓസ്ട്രേലിയ) ഡോ. മന്‍ദീപ് മെഹ്റ (യുഎസ്) ഡോ. ജയന്‍ പരമേശ്വര്‍ (യു.കെ), ഡോ. റിയാദ് ടാറാസി (കുവൈറ്റ്), ഡോ. അലീഷ്യ പെരസ് ബ്ലാങ്കോ, (സ്പെയിന്‍), ഡോ. മരിയ പോള ഗോമസ് (സ്പെയിന്‍), ഡോ. ജൂലി വിറ്റ്നി(യുകെ) എന്നിവര്‍ സമ്മേളനത്തില്‍ സംസാരിക്കും. 

Tags: