ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ സംസ്ഥാന സമ്മേളനം നടന്നു

ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കെ പി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു

Update: 2021-09-06 15:45 GMT

കൊച്ചി: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി (ഐസിസി), കേരള ചാപ്റ്ററിന്റെ വാര്‍ഷിക സമ്മേളനം നടന്നു. കൊവിഡ് നിയന്ത്രണങ്ങളും , വ്യായമ രഹിതമായ ജീവിത ശൈലിയും മൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങള്‍, കൊവിഡ് ബാധിച്ചവര്‍ക്ക് വരാന്‍ സാധ്യതയുള്ള ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നൂതന രീതികള്‍ എന്നിവ സമ്മേളനം ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കെ പി ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐസിസി ദേശീയ പ്രസിഡന്റ് ഡോ.റോബിന്‍ ചക്രബര്‍ത്തി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.സി ഡി.രാമകൃഷ്ണ, ഡോ.വിനോദ് തോമസ്, ഡോ.ബിനു ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.കൊവിഡ് സാഹചര്യം എന്ന കാരണത്താല്‍ ഹൃദയ സംബന്ധമായ രോഗലക്ഷണങ്ങള്‍ അവഗണിക്കുന്നതും, ചികില്‍സ തേടാന്‍ വൈകുന്നതും അപകടമുണ്ടാക്കുമെന്ന് ഡോ.സി ഡി രാമകൃഷ്ണ പറഞ്ഞു.

രക്താതിസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ശരീരഭാര കൂടുതല്‍, നിലവില്‍ ഹൃദ്രോഗമുള്ളവര്‍ എന്നിവര്‍ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.വിവിധ പ്രായത്തിലുള്ള വ്യായാമം കുറഞ്ഞവരും, കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ച ആളുകളും ഉള്‍പ്പെടുന്ന ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിനെ തിരിച്ചറിയുന്നതിനുള്ള റിസ്‌ക് സ്ട്രാറ്റിഫിക്കേഷന്റെ ആവശ്യകതയും സമ്മേളനം എടുത്തു പറഞ്ഞു.ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ഇലക്ട്രോഫിസിയോളജി, ക്ലിനിക്കല്‍ കാര്‍ഡിയോളജി എന്നിവയിലെ നൂതന ശാസ്ത്ര പുരോഗതികള്‍ ചര്‍ച്ചാ വിഷയമായി. പത്തിലധികം ഗവേഷണ പ്രബന്ധങ്ങളുടെ അവതരണവും, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കുള്ള അധ്യാപന സെഷനുകളും, മികച്ച പേപ്പറുകള്‍ക്കുള്ള അവാര്‍ഡുകളും സമ്മേളനത്തിന്റെ ഭാഗമായി നടന്നു.

Tags:    

Similar News