ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ രോഗത്തിന്റെ പ്രധാന വില്ലന്‍ ലഹരി വസ്തുക്കള്‍: ഡോ. മയൂരി രാജപൂര്‍ക്കര്‍

ചെവി, മൂക്ക്, വായ, ചുണ്ടുകള്‍, നാവ്, തൊണ്ട,കവിള്‍, ഉമിനീര്‍ ഗ്രന്ഥികള്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിനെയാണ് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ എന്ന പേരില്‍ വിശേഷിപ്പിക്കുന്നത്. രാജ്യത്തെ കാന്‍സര്‍ രോഗികളില്‍ 30 ശതമാനം ഹെഡ് ആന്റ് നെക്ക് കാന്‍സര്‍ ബാധിതര്‍

Update: 2022-07-28 05:36 GMT

കൊച്ചി: 'പുക വലിക്കരുത്, വലിക്കാന്‍ അനുവദിക്കരുത്'. നിങ്ങളൊരു സിനിമ പ്രേമിയാണെങ്കില്‍ ചിത്രം തുടങ്ങുന്നതിന് മുമ്പ് ലഹരിക്ക് എതിരെയുള്ള ഇത്തരം ബോധവല്‍ക്കരണ പരസ്യങ്ങള്‍ നിരവധി തവണ കണ്ടിട്ടുണ്ടാകും. അതൊരു തമാശയാക്കി അവഗണിക്കുന്നതിന് അപ്പുറം, വിഷയത്തിന്റെ ഗൗരവം എത്ര പേര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവുമെന്നത് സംശയമാണ്. ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ എന്ന ജീവന്‍ ആപത്തിലാക്കുന്ന രോഗത്തിന്റെ പ്രധാന വില്ലന്‍ ഇത്തരം ലഹരി വസ്തുക്കള്‍ തന്നെയാണെന്നും രാജ്യത്തെ കാന്‍സര്‍ രോഗികളുടെ മുപ്പത് ശതമാനമാണ് ഹെഡ് ആന്റ് നെക്ക് കാന്‍സര്‍ ബാധിതരാണെന്നും കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ഹെഡ് ആന്റ് നെക്ക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. മയൂരി രാജപൂര്‍ക്കര്‍.

ചെവി, മൂക്ക്, വായ, ചുണ്ടുകള്‍, നാവ്, തൊണ്ട,കവിള്‍, ഉമിനീര്‍ ഗ്രന്ധികള്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിനെയാണ് ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ എന്ന പേരില്‍ വിശേഷിപ്പിക്കുന്നത്. രോഗം ബാധിക്കുന്ന അവയവത്തിന് അനുസരിച്ച് രോഗലക്ഷണങ്ങളില്‍ മാറ്റം വരാം. നാവിനും, കവിളിലുമുണ്ടാകുന്ന നിറ വ്യത്യാസം, വിട്ടുമാറാത്ത തൊണ്ട വേദന, പുണ്ണ്, ഉണങ്ങാത്ത മുറിവുകള്‍, ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടയില്‍ അനുഭവപ്പെടുന്ന തടസ്സം, ശ്വാസ തടസ്സം, ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസം, മുഴകള്‍ തുടങ്ങിയവയാണ് പൊതുവേ കാണപ്പെടുന്ന രോഗലക്ഷണങ്ങളെന്ന് ഡോ. മയൂരി രാജപൂര്‍ക്കര്‍ പറഞ്ഞു.

ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ മിക്കപ്പോഴും നമ്മള്‍ ക്ഷണിച്ചു വരുത്തുകയാണ് എന്നതാണ് വസ്തുത. സിഗരറ്റ്, ബീഡി, വെറ്റില ഉള്‍പ്പടെയുള്ള പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗം തന്നെയാണ് പ്രധാന വില്ലന്‍. നിരന്തരമായുള്ള മദ്യപാനവും നിങ്ങളെ ഒരു ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ രോഗിയാക്കാന്‍ പ്രാപ്തമാണ്. ഇവ രണ്ടുമല്ലാതെ പൊതുവെ കാണപ്പെടുന്ന മറ്റൊരു കാരണമാണ് മൂര്‍ച്ച കൂടിയ പല്ലുകള്‍ വായില്‍ സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവുകള്‍. നീണ്ട കാലം ഉണങ്ങാതെ നിലനില്‍ക്കുന്ന ഇത്തരം മുറിവുകള്‍ കാന്‍സര്‍ ആയി രൂപാന്തരപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മൂര്‍ച്ചയുള്ള പല്ലുകള്‍ നേരെയാക്കാന്‍ വൈദ്യ സഹായം തേടേണ്ടതാണ്. ഹ്യൂമന്‍ പാപ്പിലോമ എന്ന വൈറസും, വിരളമെങ്കിലും ഹെഡ് ആന്റ് നെക്ക് കാന്‍സറിന്റെ ഒരു കാരണമായി കണ്ടെത്തിയിട്ടുണ്ട്. ഓറല്‍ സെക്‌സ് വഴി ഈ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഹ്യുമന്‍ പാപ്പിലോമ വൈറസിനെ നേരിടാന്‍ ഇന്ന് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാണ്.

പുകവലിയും മദ്യപാനവും ഉള്ള ഒരു വ്യക്തി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഓറല്‍ കാവിറ്റി പരിശോധന നടത്തുന്നത് നല്ലതാണ്. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന പുണ്ണ്, കഴുത്തിലെ മുഴകള്‍ എന്നിവയ്ക്ക് ബയോപ്‌സി ചെയ്യുകയുമാവാം. ആദ്യ ഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടെത്താനും ചികില്‍സിച്ചു ഭേദമാക്കാനും ഇതുവഴി സാധിക്കും.

കാന്‍സര്‍ ബാധ പ്രാരംഭ ഘട്ടത്തില്‍ ആണെങ്കില്‍ ശസ്ത്രക്രിയയിലൂടെ രോഗമുക്തി നേടാം. സര്‍ജറി ചെയ്ത ഭാഗത്തിന്റെ വിശദമായ പാത്തോളജി റിപ്പോര്‍ട്ട് എടുത്തതിന് ശേഷമാണ് തുടര്‍ചികില്‍സാ എങ്ങനെ വേണം എന്ന് തീരുമാനിക്കുക. റേഡിയേഷന്‍, കീമോ തെറാപ്പി എന്നിവയാണ് സാധാരണയായി സ്വീകരിക്കാറുള്ള തുടര്‍ചികില്‍സ രീതികള്‍. ഇനി രോഗം മൂര്‍ച്ഛിച്ച്, അതായത് 3,4 ഘട്ടങ്ങളില്‍ എത്തിയെങ്കില്‍ റേഡിയേഷനും കീമോ തെറാപ്പിയും കൂടിയുള്ള ചികില്‍സയാണ് നടത്താറുള്ളത്.

കാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് കൂടുതല്‍ വഷളായ സാഹചര്യമാണ് എങ്കില്‍ പാലിയേറ്റീവ് കീമോ തെറാപ്പി, ടാര്‍ഗറ്റ് തെറാപ്പി, ഇമ്യൂണോ തെറാപ്പി എന്നീ ചികില്‍സ രീതികളും ലഭ്യമാണ്. മെഡിക്കല്‍ വിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഏതു തരം ചികില്‍സ വേണമെന്ന് തീരുമാനിക്കേണ്ടത്. ഹെഡ് ആന്റ് നെക്ക് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, ന്യൂക്ലിയര്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്നാണ് പൊതുവെ രോഗിയുടെ ചികില്‍സ വിധിയില്‍ തീരുമാനം എടുക്കുന്നത്.

കേട്ടു തഴമ്പിച്ച വാക്യമാണ് 'പ്രിവന്‍ഷന്‍ ഈസ് ബെറ്റര്‍ ദാന്‍ ക്യുവര്‍' എന്നത്. ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറുകളെ പ്രതിരോധിക്കാന്‍ അടിസ്ഥാനപരമായി ചെയ്യേണ്ടതും അതു തന്നെയാണ്. പുകയില ഉല്‍പന്നങ്ങളും, മദ്യപാനവും ജീവിത ശൈലിയില്‍ നിന്ന് പുറത്തെടുത്തു കളയണമെന്നും ഡോ. മയൂരി രാജപൂര്‍ക്കര്‍ പറഞ്ഞു.

Tags:    

Similar News