കൊവിഡും ഹൃദ്രോഗ ചികില്‍സയും: പീപ്പിള്‍സ് ഹെല്‍ത്ത് വെബിനാര്‍ ശ്രദ്ധേയമായി

Update: 2020-11-02 11:28 GMT


വെബിനാറില്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി കാര്‍ഡിയോളജി വിഭാഗം റിട്ട. പ്രഫ. ഡോ. എസ് ശിവശങ്കരന്‍ സംസാരിക്കുന്നു


കോഴിക്കോട്: കൊവിഡും ഹൃദ്രോഗ ചികില്‍സയും എന്ന വിഷയത്തില്‍ പീപ്പിള്‍സ് ഹെല്‍ത്ത് സംഘടിപ്പിച്ച വെബിനാര്‍ ശ്രദ്ധേയമായി. ''ഹൃദ്രോഗം: പ്രതിരോധം, ചികില്‍സ- ഒരു ജീവിതചക്ര സമീപനം'' എന്ന വിഷയത്തില്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി കാര്‍ഡിയോളജി വിഭാഗം റിട്ട. പ്രഫ. ഡോ. എസ് ശിവശങ്കരന്‍, ''കൊവിഡും ഹൃദ്രോഗ ചികില്‍സയും'' എന്ന വിഷയത്തില്‍ കൊല്ലം എന്‍എസ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ചീഫ് ഇന്റര്‍വെന്‍ഷനല്‍ കര്‍ഡിയോളജിസ്റ്റ് ഡോ. റേച്ചല്‍ ഡാനിയേല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

    തെറ്റായ ഭക്ഷണ രീതി, വ്യായാമക്കുറവ്, പുകവലി തുടങ്ങിയവയാണ് ജീവിത ശൈലി രോഗങ്ങള്‍ക്ക് മുഖ്യ കാരണങ്ങള്‍. അമിതമായ ഉപ്പിന്റെയും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവില്‍ തിരുത്തുകള്‍ വരുത്തിയാല്‍ വലിയ അളവില്‍ ഹൃദ്രോഗങ്ങള്‍ ഇല്ലാതാക്കാനാവും. അമിത വണ്ണമുള്ളവരുടെ ശരീരത്തിലെ കൊഴുപ്പ് കോശങ്ങളില്‍ കൊറോണ വയറസ് ശരീരത്തിലേക്ക് കടന്നുകയറാനാവശ്യമായ ACE2 റിസപ്റ്ററുകളുടെ എണ്ണം കൂടുന്നതിനാല്‍ കൊവിഡിന്റെ അണുക്കള്‍ കൂടുതലായി കടന്നുകൂടുന്നത് രോഗതീവ്രത വര്‍ധിപ്പിക്കും. അതിനാല്‍ തന്നെ അമിത വണ്ണമുള്ളവരില്‍ സാധാരണക്കാരെ അപേക്ഷിച്ച് കൊവിഡ് മാരകമായിത്തീരും. പ്രത്യേകിച്ചും തെറ്റായ ജീവിത ശൈലിയുള്ളവരില്‍. ശ്വാസകോശത്തിന് എത്രത്തോളം പരിക്ക് കൊവിഡ് വരുത്തുന്നുണ്ടോ അത്രത്തോളം തന്നെ ACE2 റിസപ്റ്ററുകളുടെ സാന്നിധ്യമുള്ളതിനാല്‍ ഹൃദയത്തിനും ബാധിക്കുമെന്ന് അവര്‍ പറഞ്ഞു.

    സൂം മീറ്റില്‍ സംഘടിപ്പിച്ച വെബിനാറില്‍ എത്തിക്കല്‍ മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. സംശയ നിവാരണത്തിനും അവസരമൊരുക്കിയിരുന്നു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്റ്റ് കോ-ഓഡിനേറ്റര്‍ അബ്ദുര്‍ റഹീം, ഡോ. സജില, ഡോ. ഫവാസ്, നാസിമുദ്ദീന്‍ നേതൃത്വം നല്‍കി. വിവിധ രോഗങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്നവരില്‍ നിന്ന് രോഗവിവരങ്ങളും ചികില്‍സാ വിവരങ്ങളും ശേഖരിക്കുകയും വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി മികച്ച ചികില്‍സ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക, ആരോഗ്യ മേഖലയിലെ വിവിധ സേവനങ്ങളെയും സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളെയും ബന്ധിപ്പിക്കാന്‍ രോഗികള്‍ക്ക് സഹായമായി വര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ എത്തിക്കല്‍ മെഡിക്കല്‍ ഫോറവുമായി ചേര്‍ന്നുള്ള പീപ്പിള്‍സ് ഫൗണ്ടേഷന്റെ പദ്ധതിയാണ് പീപ്പിള്‍സ് ഹെല്‍ത്ത്. സേവങ്ങള്‍ക്ക് 7736501088 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Covid and heart diseases: Peoples health conduct webinar




Tags: