സുബൈര്‍ വധക്കേസ്: നാല് ആര്‍എസ്എസ്സുകാര്‍ കസ്റ്റഡിയില്‍

Update: 2022-04-16 10:57 GMT

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. നഗരത്തില്‍നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പുറത്തുവന്ന വിവരമനുസരിച്ച് സുദര്‍ശന്‍, ശ്രീജിത്, ജിനീഷ് ഷൈജു എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കസ്റ്റഡിയിലുള്ളത്.

ഇന്നലെ ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് സുബൈറിനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.

ആക്രമണത്തിനുശേഷം പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് ആദ്യം ലഭിച്ച വിവരം. 

ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ രണ്ട് വര്‍ഷം മുമ്പ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളാണ്. ഇവര്‍ ജാമ്യത്തിലിറങ്ങി രണ്ട് മാസമേ ആയിട്ടുള്ളൂ.