ആന്ധ്രപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് മുന്നേറ്റം

Update: 2021-09-20 06:55 GMT

ഹൈദരാബാദ്: ആന്ധ്രപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് മുന്‍തൂക്കം. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 90 ശതമാനം മണ്ഡല പരിഷത്തുകളിലും 99 ശതമാനം ജില്ലാതല പരിഷത്തുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസ്സിനാണ് ആധിപത്യം.

ഏപ്രില്‍ 8ാം തിയ്യതിയാണ് ജില്ലാ പഞ്ചായത്തിലേക്കും മണ്ഡല തല പരിഷത്തിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രില്‍ 10ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവിടാനാണ് ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും തെലുങ്കുദേശത്തിന്റെയും ബിജെപിയുടെയും ഇടപെടലിനെത്തുടര്‍ന്ന് ഹൈക്കോടതി വോട്ടെണ്ണല്‍ നിര്‍ത്തിവെപ്പിച്ചു.

മാതൃകാപെരുമാറ്റച്ചട്ടം നടപ്പാക്കാതെയാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്നായിരുന്നു ആരോപണം. വോട്ടെണ്ണലുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി അനുമതി നല്‍കിയത്.

553 ജില്ലാ പരിഷത്തില്‍ 547ഉം വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടി. മണ്ഡലപരിഷത്തില്‍ 8,083 എണ്ണത്തിന്റെ ഫലം പുറത്തുവന്നതില്‍ 7284 എണ്ണം വൈഎസ്ആര്‍ കോണ്‍ഗ്രസ്സിനായിരുന്നു. 

88 ജില്ലാ പരിഷത്തിലെയും 1,504 മണ്ഡല പരിഷത്തിലെയും വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.   

Tags:    

Similar News