തിരുവനന്തപുരം: യൂട്യൂബ് ചാനലിലൂടെ സത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ പോലിസ് കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് അദ്ദേഹത്തെ പിടികൂടിയത്. തന്റെ യൂട്യൂബ് ചാനലിലൂടെ സത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ വീഡിയോ ചെയ്തിരുന്നു. അതിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പോലിസിന് പരാതി നല്‍കിയിരുന്നു. അതിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
വിശദമായ അന്വേഷണം നേരത്തെ പോലിസ് ആരംഭിച്ചിരുന്നു. സൈബര്‍ വിഭാഗത്തിന്റെ കൂടി സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്. ഇയാള്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതു വിവാദമായപ്പോള്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലിസ് ഐ.പി.സി 509 പ്രകാരം കേസെടുത്തത്. വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തമ്പാനൂര്‍ പോലിസും കേസെടുത്തിട്ടുണ്ട്. കുറഞ്ഞത് 5 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വനിതകള്‍ക്കുനേരെ ചുമത്തിയിരിക്കുന്നത്.
വീഡിയോയുടെ ഉള്ളടക്കം പരിശോധിച്ച ശേഷമാകും ഐ.ടി വകുപ്പ് ചുമത്തുന്നതിലും അറസ്റ്റിലും തീരുമാനമെടുക്കുക. കഴിഞ്ഞ മാസം പതിനാലാം തീയതിയാണ് വിജയ് പി. നായര്‍ എന്നയാള്‍ സ്ത്രീകളെ ആക്ഷേപിച്ചു കൊണ്ടുള്ള വീഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത്.