ലക്‌നോ: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍ യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. ക്ലിനിക്കിന്റെ ഉടമയും അനന്തരവനും ചേര്‍ന്ന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് പോലിസ് അറിയിച്ചു. കോത്തി പോലിസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം.
മൂത്രത്തില്‍ കല്ലുമായി ബന്ധപ്പെട്ടാണ് തെഹ്ബഹാദൂര്‍ റാവത്തിന്റെ ഭാര്യ മുനിഷ്ര റാവത്ത് ചികില്‍സ തേടിയത്. ഡിസംബര്‍ 5 നായിരുന്നു ഇവരെ ഭര്‍ത്താവ് കോത്തിയിലെ ദാമോദര്‍ ഔഷധാലയയിലേക്ക് കൊണ്ടുപോയത്. അവിടെ ക്ലിനിക് ഓപ്പറേറ്ററായ ഗ്യാന്‍ പ്രകാശ് മിശ്ര, വയറുവേദന കല്ലുകള്‍ മൂലമാണെന്ന് പറയുകയും ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനായി 25,000 രൂപ ചെലവ് വരുമെന്ന് അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഭര്‍ത്താവ് 20,000 രൂപ നല്‍കിയതായി പോലിസ് പറഞ്ഞു.
മിശ്ര മദ്യലഹരിയിലായിരുന്നുവെന്നും യൂട്യൂബ് വീഡിയോ കണ്ടതിനു ശേഷമാണ് നടപടിക്രമം ആരംഭിച്ചതെന്നും തെഹ്ബഹാദൂര്‍ പരാതിയില്‍ പറയുന്നു. യുവതിയുടെ വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി നിരവധി ഞരമ്പുകള്‍ മുറിച്ചെന്നും തുടര്‍ന്ന് ഡിസംബര്‍ 6നു വൈകുന്നേരം മുനിഷ മരിച്ചെന്നും പരാതിയില്‍ വ്യക്തമാക്കി. മിശ്രയുടെ അനന്തരവനാണ് യൂട്യൂബ് ശസ്ത്രക്രിയയ്ക്ക് സഹായിച്ചത്. ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിനു പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു. വിവേക് മിശ്ര റായ്ബറേലിയിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ജോലിയുടെ മറവില്‍ വര്‍ഷങ്ങളായി അനധികൃത ക്ലിനിക്ക് പ്രവര്‍ത്തിച്ചിരുന്നതായും പോലിസ് പറഞ്ഞു.
