മാരക മയക്കുമരുന്നുമായി കണ്ണൂരില്‍ യുവാക്കള്‍ പിടിയില്‍

Update: 2022-03-05 14:47 GMT

കണ്ണൂര്‍: പോലിസ് നടത്തിയ വാഹന പരിശോധനക്കിടെ ഹഷീഷ് ഓയില്‍, എംഡിഎംഎ എന്നീ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ മട്ടന്നൂര്‍ പോലിസിന്റെ പിടിയിലായി. ചെറുഞ്ഞിക്കരി ചെറിയ വീട്ടില്‍ ഷിജിന്‍ പി കെ(22), കുയിമ്പാലോട് മുതിരക്കല്‍ വീട്ടില്‍ ലിതിന്‍ പി കെ(25) എന്നിവരെയാണ് പോലിസ് പിടികൂടിയത്.

മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പനയത്താംപറമ്പ് ചെറുഞ്ഞിക്കരിയില്‍ നമ്പര്‍ പ്ലെയ്റ്റ് ഇല്ലാത്ത മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. കൈ കാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ഇവരെ പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

ഇവരില്‍ നിന്ന് ഏകദേശം 3 ഗ്രാം എംഡിഎംഎ പോലിസ് കണ്ടെത്തി. മട്ടന്നൂര്‍ പോലിസ് സ്‌റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഉമേശന്‍ കെ വിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. യുവാക്കളെ പോലിസ് ചോദ്യം ചെയ്തുവരുന്നു.

എഎസ്‌ഐ ക്ഷേമന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഉമേശന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ പ്രവീണ്‍ കെ തുടങ്ങിയവരും മയക്കുമരുന്നു പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.