ദുബയില്‍ യുവാവിന് സ്വര്‍ണക്കടത്ത് സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

Update: 2022-08-09 06:52 GMT

കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ യുവാവിന് ഗള്‍ഫില്‍വച്ചാണ് മര്‍ദ്ദനമേറ്റത്. കള്ളക്കടത്ത് സ്വര്‍ണം ലക്ഷ്യസ്ഥാനത്തെത്തിക്കാതെ മറിച്ചുനല്‍കുമെന്ന സംശയത്തെതുടര്‍ന്നാണ് യുവാവിനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്. സ്വര്‍ണം മറിച്ചുനല്‍കാന്‍ ഇയാള്‍ക്ക് പദ്ധതിയുണ്ടെന്നു വിവരം ലഭിച്ച സംഘം ഇയാളെ ദുബയില്‍വച്ച് തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചാണ് പീഡിപ്പിച്ചത്.

മറിച്ചുനല്‍കുന്ന സ്വര്‍ണം വാങ്ങുന്നതിന് പിന്നില്‍ ഏത് സംഘമാണെന്ന് മനസ്സിലാക്കാനായിരുന്നു പീഡനം. ഇവിടെ നിന്നു രക്ഷപ്പെട്ട ഇയാള്‍ പിന്നീട് നാട്ടിലെത്തി. മറ്റ് ക്യാരിയറുമാരെ ഭയപ്പെടുത്താനാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സംഘം പ്രചരിപ്പിച്ചത്. ഇതിന് സമാനമായ രീതിയിലാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെയും സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പീഡിപ്പിച്ചത്. വിദേശത്തു നിന്നും കൊടുത്തുവിട്ട സ്വര്‍ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്.

Tags:    

Similar News