കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം; പോലിസിനെതിരേ പ്രതിഷേധം ശക്തം

Update: 2022-07-22 03:15 GMT

വടകര: വടകരയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. വടകര പൊന്മേരി പറമ്പില്‍ താഴെ കൊയിലോത്ത് സജീവനാണ് (42) മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. പോലിസ് മര്‍ദനമേറ്റാണ് മരിച്ചതെന്നു ബന്ധുക്കള്‍ ആരോപിച്ചു. സജീവനും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം അടക്കാത്തെരുവില്‍ മറ്റൊരു കാറുമായി ഇടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. മര്‍ദനമേറ്റ സജീവന്‍ സ്‌റ്റേഷന് മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും കൂടെയുണ്ടായിരുന്നവര്‍ വ്യക്തമാക്കി.

അതേ സമയം മര്‍ദിച്ചിട്ടില്ലെന്നും മദ്യപിച്ച് കലഹമുണ്ടാക്കിയതിനു കേസെടുത്ത ശേഷം ഇവരെ വിട്ടയച്ചെന്നുമാണ് പോലീിസ് നല്‍കുന്ന വിശദീകരണം. സ്‌റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയ ഇവരില്‍ സജീവന്‍ വനിതാസെല്ലിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഓട്ടോറിക്ഷയില്‍ കയറ്റാന്‍ കഴിയാത്തതിനാല്‍ ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആര്‍ഡിഒ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും.