പരപ്പനങ്ങാടിയില്‍ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Update: 2020-10-27 03:39 GMT

പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പരപ്പനങ്ങാടി എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയിന്‍ ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തിരൂരങ്ങാടി വടക്കേ മമ്പുറം സ്വദേശി പൂച്ചേങ്ങല്‍ കുന്നത്ത് വീട്ടില്‍ നൗഫലിനെ (29)യാണ് പരപ്പനങ്ങാടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.

സംസ്ഥാനത്തിന് പുറത്തു നിന്ന് വന്‍തോതില്‍ കഞ്ചാവ് തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി എക്‌സൈസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പരപ്പനങ്ങാടി തീരദേശ മേഖല കേന്ദ്രീരിച്ചും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വ്യാപകമായി കഞ്ചാവ് വിതരണം നടത്തുന്നത് ഇയാളാണെന്നും ഇയാളുടെ സംഘാംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ പിടികൂടാനാകുമെന്നും ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖ് അറിയിച്ചു.

റെയ്ഡില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫിസര്‍ കെ. പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, വിനീഷ്, സുഭാഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ, ഡ്രൈവര്‍ ചന്ദ്രമോഹന്‍ തുടങ്ങിയവരും പങ്കെടുത്തു.