പെണ്‍കുട്ടികള്‍ക്കുനേരെ യുവനേതാവിന്റെ ആക്രമണം: തേഞ്ഞിപ്പലം പോലിസ് വീണ്ടും മൊഴിയെടുത്തു
പരപ്പനങ്ങാടി: കഴിഞ്ഞ 16ന് പാണമ്പ്രയില്‍വച്ച് സഹോദരിമാരെ ആക്രമിച്ച സംഭവത്തില്‍ പോലിസ് ഇന്ന് വീണ്ടും മൊഴിയെടുത്തു. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ അസ്‌ന, ഹംന എന്നീ സഹോദരിമാര്‍ക്ക് നേരെയാണ് തേഞ്ഞിപ്പലം പാണമ്പ്രയില്‍വച്ച് ബൈക്കില്‍ യാത്ര ചെയ്യവെ ആക്രമണം നടന്നത്. തിരൂരങ്ങാടിയിലെ പ്രമുഖ ലീഗ് നേതാവിന്റെ മകനും പ്രാദേശിക യൂത്ത് ലീഗ് നേതാവുമായ സി എച്ച് ഇബ്രാഹിം ഷബീര്‍ കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടികളെ ആക്രമിച്ചുവെന്നാണ് പരാതി.
യാത്രക്കാരാണ് പെണ്‍കുട്ടികളെ ആക്രമിക്കുന്ന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയത്. രാഷ്ട്രീയസമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിസ്സാര വകുപ്പ് ചുമത്തി പ്രതിയെ രക്ഷപ്പെടുത്തിയെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്നാണ് വീണ്ടും മൊഴിയെടുക്കാന്‍ പോലിസ് തീരുമാനിച്ചത്.
അപകടകരമാംവിധം കാറില്‍ വന്ന് പെണ്‍കുട്ടികളെ അപായപ്പെടുത്താന്‍ ശ്രമിച്ച ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് കേസ് എടുക്കുന്നതിനുപകരം രക്ഷപ്പെടുത്താന്‍ സഹായിച്ചത് പെണ്‍കുട്ടികള്‍ മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.