കഞ്ചാവുമായി യുവാവ് പിടിയില്‍

താനൂര്‍ അഞ്ചുടിയില്‍ നടന്ന കൊലപാതക കേസിലെ പ്രതിയായ സുഹൈല്‍ എന്നയാള്‍ക്ക് കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് കൈമാറുന്നതിനുള്ളതായിരുന്നു ബീഡിയെന്നാണ് ഉദൈസ് മൊഴി നല്‍കിയത്.

Update: 2020-02-24 11:37 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. തിരൂര്‍ താലൂക്ക് പരിയാപുരം വില്ലേജില്‍ കോപ്പിന്റെ പുരയ്ക്കല്‍ കുഞ്ഞുമുഹമ്മദ് കുട്ടി മകന്‍ ഉദൈഫ് (22) ആണ് പിടിയിലായത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍ ജോസും പാര്‍ട്ടിയും പരപ്പനങ്ങാടി പുത്തരിക്കല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലായിരുന്നു പ്രതി പിടിയിലായത്. പ്രതിയില്‍ നിന്ന് കഞ്ചാവിനൊപ്പം നിരവധി ബീഡികളും കണ്ടെടുത്തു.

പട്രോളിങ്ങിനിടയില്‍ പുത്തരിക്കല്‍ ജയകേരള ടാക്കീസിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഉദൈസിനെ കസ്റ്റഡിയിലെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താനൂര്‍ അഞ്ചുടിയില്‍ നടന്ന കൊലപാതക കേസിലെ പ്രതിയായ സുഹൈല്‍ എന്നയാള്‍ക്ക് കോടതിയില്‍ ഹാജരാക്കുന്ന സമയത്ത് കൈമാറുന്നതിനുള്ളതായിരുന്നു ബീഡിയെന്നാണ് ഉദൈസ് മൊഴി നല്‍കിയത്. പോക്‌സോ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് ഉദൈഫ് എന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു. പ്രതിയെയും തൊണ്ടി മുതലും പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

പാര്‍ട്ടിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ്. സുര്‍ജിത്, ടി. പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍, മുഹമ്മദ് സാഹില്‍, സമേഷ്, ചന്ദ്രമോഹന്‍ എന്നിവരും ഉള്‍പ്പെടുന്നു. 

Tags:    

Similar News