മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്തയാള്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരത്ത് ഫോര്‍ട്ട് പോലിസ് സ്റ്റേഷനിലാണ് സംഭവം. മൊബൈല്‍ മോഷണത്തിന് പിടികൂടിയ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ ബാത്‌റൂമില്‍ വെച്ചു തൂങ്ങുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
കിഴക്കേകോട്ടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയെ അന്‍സാരിയെ പോലിസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. കരിമഠം കോളനിയില്‍ നിന്നുള്ള മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാ ചുമതല നല്‍കിയരുന്നുവെന്നും ഫോര്‍ട്ട് പോലിസ് പറയുന്നു.
ഇതുവരെ അന്‍സാരിക്കെതിരെ പരാതിക്കാരന്‍ എത്താതിനാല്‍ കേസെടുത്തിരുന്നില്ല. കുറച്ച് കഴിഞ്ഞ് ബാത്റൂമില്‍ കയറിയ അന്‍സാരിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനാല്‍ കതക് തല്ലി തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പോലിസ് പറയുന്നത്. ഫോര്‍ട്ട് സിഐയാണ് പ്രതിയെ കിഴക്കേകോട്ടയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.