ചെന്നൈയില്‍ യുവാവിന്റെ കസ്റ്റഡിമരണം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ 13 മുറിവുകള്‍ കണ്ടെത്തി
ചെന്നൈ: ചെന്നൈയില്‍ കസ്റ്റഡിമരണത്തിന് ഇരയായ 25 വയസ്സുള്ള വിഗ്നേശിന്റെ ശരീരത്തില്‍ 13 മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പക്ഷേ, മരണകാരണം എന്താണെന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. കൂടുതല്‍ റിപോര്‍ട്ടുകള്‍ ലഭിച്ചശേഷമേ അത് പറയാനാവൂ.
അപസ്മാരത്തെത്തുടര്‍ന്നാണ് മരണമെന്ന് പോലിസ് പറയുന്നു. എന്നാല്‍ കസ്റ്റഡി മരണമാണെന്ന് അവകാശപ്രവര്‍ത്തകര്‍ പറയുന്നു.
തലയിലും കണ്ണിലും താടിയിലും കൈയിലും അടക്കം ശരീരത്തില്‍ നിരവധി ചതവുകളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു.
മരിജുവാന കൈവശം വച്ചെന്നാരോപിച്ച് ഏപ്രില്‍ 18നാണ് വിഗ്നേശ് അറസ്റ്റിലായത്. അടുത്ത ദിവസം പോലിസ് കസ്റ്റഡിയില്‍ വച്ച് മരിക്കുകയും ചെയ്തു.
രണ്ട് പോലിസുകാര്‍ വിഗ്നേശിനെ പിന്തുടര്‍ന്ന് അടിച്ചുവീഴ്ത്തുന്ന വീഡിയോ പുറത്തായതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പോലിസുകാര്‍ ഇയാളെ പിടികൂടി മര്‍ദ്ദിക്കുന്നുണ്ട്.
പോലിസ് പിടികൂടുമ്പോള്‍ ഒരു പോലിസുകാരന്‍ എന്തോ താഴെനിന്ന് എടുക്കുന്നുണ്ട്. വിഗ്നേശിന്റെ കത്തിയെന്നാണ് പോലിസ് അവകാശപ്പെടുന്നത്. ടേപ്പിന്റെ വാസ്തവം വ്യക്തമല്ല.
ഒരു എസ്‌ഐ ഒരു കോണ്‍സ്റ്റബില്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം സിബി സിഐഡിക്ക് കൈമാറി.
കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് മുഖ്യമന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
യുവാവിനെ മൂന്ന് മണിക്കൂറോളം മര്‍ദ്ദിച്ചതായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. വിഡിയോ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പോലിസ് നല്‍കുന്ന വിശദീകരണം ഒട്ടും വ്യക്തമല്ല. വിഗ്നേശ് പോലിസിനെ ആക്രമിച്ചുവെന്നും പിന്നീട് ബാലന്‍സ് തെറ്റി വീഴുകയായിരുന്നുവെന്നുമാണ് പോലിസിന്റെ വാദം. ഓട്ടോയില്‍ പോകുമ്പോള്‍ വിഗ്നേശിന്റെ കയ്യില്‍ മയക്കുമരുന്നു കണ്ടെത്തിയതായും പോലിസ് പറയുന്നു.
പിറ്റേ ദിവസം കടല്‍തീരത്ത് കുതിരയോട്ടം നടത്തുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവത്രെ.
