ബംഗാളിലെ യുവാവിന്റെ മരണം: വിവാദം കൊടുമ്പിരി കൊള്ളുന്നു; 3 പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്‍ക്കത്ത; അലിയ സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥി അനിസ് ഖാന്‍ സ്വന്തം വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 2 പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. ഒരു ഹോം ഗാര്‍ഡിനെ പുറത്താക്കി.
അനിസ് ഖാന്‍ കൊല്ലപ്പെട്ട രാത്രിയില്‍ അംത പോലിസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലിസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സസ്‌പെന്‍ഷന്‍ കൊണ്ട് കാര്യമില്ല, പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് പിതാവ് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചു. സിബിഐ അന്വേഷണത്തോടുമാത്രമേ സഹകരിക്കൂയെന്നും അദ്ദേഹം പറഞ്ഞു.
അനിസ് ഖാന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശയിലാണ് മൂന്ന് പോലിസുകാര്‍ക്കെതിരേ നടപടിയെടുത്തത്.
സിഐഡി വിഭാഗത്തിന്റെ മേധാവി ഗ്യാന്‍വന്ദ് സിങ്ങ് നേതൃത്വം കൊടുക്കുന്ന എസ്‌ഐടി അന്വേഷണം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് മൂന്ന് പേര്‍ക്കെതിരേ നടപടിയെടുത്തത്.
അനിസ് ഖാന്റെ മരണത്തെക്കുറിച്ചുള്ള വസ്തുതകള്‍ പുറത്തുകൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശം കൈമാറുന്നതിനാണ് പെട്ടെന്നുള്ള അറസ്റ്റെന്നാണ് കരുതുന്നത്.
അനിസ് കൊല്ലപ്പെട്ട രാത്രിയില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ പോലിസ് ടീമില്‍ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലിസുകാരുണ്ടോ എന്ന് വ്യക്തമല്ല.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നിര്‍മല്‍ ദാസ്, കോണ്‍സ്റ്റബിള്‍ ജിതേന്ദ്ര ഹെംബ്രാം, ഹോം ഗാര്‍ഡ് കാശിനാഥ് ബേര എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവര്‍.
'വെള്ളിയാഴ്ച മൂവരും നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. മകന്‍ മരിച്ചുകിടക്കുന്നുവെന്ന് അറിയിച്ച് അനിസിന്റെ പിതാവ് വിളിച്ചപ്പോള്‍ അവര്‍ അതിനോട് വേണ്ടവിധം പ്രതികരിച്ചില്ല''- മുതിര്‍ന്ന പോലിസ് ഉദ്യേഗസ്ഥന്‍ പറഞ്ഞു.
പുലര്‍ച്ചെ 3 മണിക്ക് മരണവിവരം പിതാവ് വിളിച്ചുപറഞ്ഞെങ്കിലും പോലിസ് എത്തിയത് 9 മണിക്കായിരുന്നു.
വെള്ളിയാഴ്ച രാത്രി നാല് പോലിസുകാര്‍ അനിസ് ഖാന്റെ വീട്ടിലെത്തിയിരുന്നു. അവരില്‍ മൂന്ന് പോലിസുകാര്‍ യൂനിഫോമിലും തോക്കുകള്‍ കൈവശം വയ്ക്കുകയും ചെയ്തിരുന്നു. ഒരാള്‍ സിവില്‍ ഡ്രസിലായിരുന്നു. അന്നു ആ രാത്രിയിലാണ് അനിസ് ഖാന്‍ മരിച്ചത്.
അതിനിടയില്‍ അനിസ് ഖാനെതിരേ പോക്‌സൊ കേസുണ്ടെന്ന് ചില പോലിസുകാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതേകുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. ഇക്കാര്യം ബംഗോര്‍ എംഎല്‍എ നൗഷാദ് സിദ്ദിഖി നിഷേധിച്ചു. ആരാണ് അനിസ് ഖാന്റെ വീട്ടില്‍ എത്തിയതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരണം ബംഗാളില്‍ വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയാണ്.

