നീറ്റ് പരീക്ഷയില്‍ ഭിന്നശേഷിക്കാരുടെ സംവരണം ലഭിക്കാനായി യുവാവ് കാല്‍ മുറിച്ചുമാറ്റി
ലഖ്‌നോ: നീറ്റ് മെഡിക്കല്‍ പരീക്ഷയില്‍ ഭിന്നശേഷിക്കാരുടെ സംവരണം ലഭിക്കാനായി യുവാവ് സ്വന്തം കാല്‍ മുറിച്ചുമാറ്റി. 24കാരനായ സൂരജ് ഭാസ്‌ക്കര്‍ ആണ് മെഡിക്കല്‍ സീറ്റിനായി ഇത്തരത്തിലൊരു കൃത്യം ചെയ്തത്.
ഉത്തര്‍പ്രദേശിലെ ജോന്‍പുരിലാണ് സംഭവം. ഫാര്‍മസിയില്‍ ഡിപ്ലോമ പഠനത്തിനുശേഷം നീറ്റ് പരീക്ഷയ്ക്ക് സൂരജ് തയ്യാറെടുക്കുകയായിരുന്നു. സംവരണ സീറ്റില്‍ പ്രവേശനം ഉറപ്പാക്കാനായിരുന്നു യുവാവ് കാല്‍പത്തിയുടെ ഒരു ഭാഗം മുറിച്ചുമാറ്റിയത്. തന്നെ ആരോ ആക്രമിച്ചതായുള്ള പരാതിയുമായി ജനുവരി 18നാണ് സൂരജ് പോലിസിനെ സമീപിച്ചത്. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിനിടെ സൂരജ് പലതവണ മൊഴി മാറ്റിപ്പറഞ്ഞതോടെ പോലിസിന് സംശയമായി. ഇയാളുടെ കോള്‍ റെക്കാര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് പെണ്‍ സുഹൃത്തിനോട് സംസാരിച്ച ഫോണ്‍ രേഖകളിലൂടെയാണ് എംബിബിഎസ് സീറ്റ് കിട്ടാനായി കാല്‍മുറിച്ചതാണെന്ന് വ്യക്തമായത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ യുവാവ് സത്യം തുറന്നുപറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് വേദനയറിയാതിരിക്കാനുള്ള മരുന്ന് കുത്തിവെക്കാന്‍ ഉപയോഗിച്ച സിറിഞ്ചുകള്‍ പോലിസ് കണ്ടെടുത്തു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ചികില്‍സക്ക് ശേഷം കൂടുതല്‍ മൊഴി രേഖപ്പെടുത്തുമെന്നും പോലിസ് പറഞ്ഞു.