ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെഎസ്ആര്‍ടിസി ബസ്സുകളില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം
തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ പ്രതിഷേധം നടത്തി. ഏകദേശം 50ഓളം പ്രവര്‍ത്തകര്‍ ബസ്സ് സ്റ്റാന്‍ഡിലേക്ക് ഇരച്ചുകയറി നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സുകളില്‍ പ്രതിഷേധ പോസ്റ്ററുകള്‍ ഒട്ടിച്ചു. ഗണേഷ് കുമാറിന്റെ തലയും കോഴിയുടെ ശരീരവും ചേര്‍ത്ത രൂപത്തിലുള്ള പോസ്റ്ററില്‍ 'തുടരണോ ഈ കോഴി മന്ത്രി' എന്ന എഴുതിയിട്ടുമുണ്ട്. പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ പോലിസ് അത് നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പോലിസ് പ്രവര്‍ത്തകരെ നിയന്ത്രണത്തിലാക്കിയത്.
ഇതിനിടെ മന്ത്രിക്കെതിരായ വിവാദവുമായി ബന്ധപ്പെട്ട് ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തി. ഗണേഷ് കുമാര്‍ തന്നോട് മാപ്പുപറഞ്ഞതായും വിഷയത്തില്‍ ഇനി പരാതിയോ വിവാദമോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ മന്ത്രിയുടെ രാജിയെന്ന ആവശ്യത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ബിന്ദു മേനോന്റെ സഹോദരിയുമായി ഫോണ്‍ വഴി ബന്ധപ്പെട്ട ഗണേഷ് കുമാര്‍, ഭാര്യയോട് മാപ്പുപറയാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ബിന്ദു മേനോനുമായി നേരിട്ട് സംസാരിച്ച് ക്ഷമാപണം നടത്തിയതോടെ പ്രശ്‌നം പരിഹരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സാഹചര്യങ്ങള്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഭവം കുടുംബ പ്രശ്‌നമാണെന്നും ഭാര്യയുമായി സംസാരിച്ച് അത് പരിഹരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെയാണ് മന്ത്രിസ്ഥാനത്ത് നിന്ന് രാജി ആവശ്യമില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്. അതേസമയം, പ്രതിപക്ഷം മന്ത്രി രാജിവയ്ക്കണമെന്ന ഉറച്ച നിലപാടില്‍ തുടരുകയാണ്.
