2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയല്ലാത്ത പൊതുപ്രവര്‍ത്തകനെ കല്‍പ്പറ്റയില്‍ അറസ്റ്റ് ചെയ്തു
വയനാട്: 2006ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊതുപ്രവര്‍ത്തകനായ യുവാവിനെ കല്‍പ്പറ്റ പോലിസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് സ്വദേശി സി പി ഇസ്മയിലിനെയാണ് അറസ്റ്റ് ചെയ്തത്. വയനാട്ടിലെ റിസോര്‍ട്ടില്‍ പോലിസ് വെടിവച്ചുകൊന്ന സി പി ജലീലിന്റെ സഹോദരനാണ് സി പി ഇസ്മായില്‍.
കര്‍ഷക ആത്മഹത്യയിലും കര്‍ഷകരെ ജപ്തി ചെയ്യുന്നതിലും പ്രതിഷേധിച്ച് 2006ല്‍ മാനന്തവാടി കാര്‍ഷിക വികസന ബാങ്ക് ആക്രമിച്ച കേസിലാണ് ഇസ്മായിലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കേസില്‍ ഇസ്മായില്‍ പ്രതിയല്ലെന്ന് കേസിലെ മറ്റൊരു പ്രതിയും ഇസ്മായിലിന്റെ സഹോദരനുമായ സി പി റഷീദ് പറഞ്ഞു. ഇസ്മായില്‍ ഈ കേസില്‍ അഞ്ചാം പ്രതിയാണെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ ബാങ്ക് ആക്രമിച്ച കേസില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ആ കേസില്‍ എല്ലാവരെയും വിചാരണ നടത്തി കോടതി വെറുതേ വിടുകയും ചെയ്തിരുന്നു.
2011 ലെ ഒരു കേസില്‍ കല്‍പ്പറ്റ കോടതിയില്‍ വിചാരണയ്ക്കു വേണ്ടി ഹാജരായി പുറത്തിറങ്ങുന്ന സമയത്താണ് ഇസ്മായിലിനെ പോലിസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ പൂനെയില്‍ ജയിലില്‍ കഴിയുകയായിരുന്ന ഇസ്മായില്‍ ഈ അടുത്താണ് ജാമ്യത്തിറങ്ങിയത്.
ഇസ്മയിലിനോട് പോലിസ് പക തീര്‍ക്കുകയാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി പി റഷീദ് ആരോപിച്ചു.