പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റില്‍

Update: 2026-04-08 07:20 GMT

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. പൂവച്ചല്‍ പേഴുമൂട് പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥര്‍ (18) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പോലിസ് അറിയിച്ചു. തുടര്‍ന്ന് സ്ഥിരമായി ചാറ്റ്, ഫോണ്‍കോളുകള്‍ എന്നിവ വഴി ബന്ധം തുടര്‍ന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഈ പരിചയം മുതലെടുത്ത് യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി അപരിചിതരുമായി ബന്ധപ്പെടുമ്പോള്‍ കുട്ടികളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ഇടങ്ങളിലെ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകരമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: