പത്തനംതിട്ടയില്‍ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റുപോയി

Update: 2022-09-15 18:26 GMT

പത്തനംതിട്ട: പത്തനംതിട്ടയില്‍ തോട്ട പൊട്ടിത്തെറിച്ച് യുവാവിന്റെ കാല്‍പാദം അറ്റുപോയി. പത്തനംതിട്ട മുള്ളനിക്കാടാണ് അപകടമുണ്ടായത്. മുള്ളനിക്കാട് സ്വദേശി രതീഷിന്റെ കാല്‍പാദമാണ് അറ്റുപോയത്. രതീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനുവിനും പൊള്ളലേറ്റു. ഗുരുതരാവസ്ഥയിലായ രതീഷിനേയും മനുവിനേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും കിണര്‍ നിര്‍മ്മാണ തൊഴിലാളികളാണ്. വൈകിട്ട് ഒന്‍പതരയോടെ രതീഷിന്റെ വീട്ടില്‍ വച്ചാണ് സംഭവം. കിണര്‍ നിര്‍മ്മാണത്തിനിടെ പാറ പൊട്ടിക്കാനും മറ്റും ഉപയോഗിക്കാന്‍ സൂക്ഷിച്ചു വച്ച തോട്ടയാണ് പൊട്ടിയത് എന്നാണ് സംശയിക്കുന്നത്. സംഭവസമയത്ത് ഇവര്‍ രണ്ട് പേര്‍ മാത്രമാണ് രതീഷിന്റെ വീട്ടില്‍ ഉണ്ടായിരുന്നത്. സ്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടു പോയത്.