ട്രംപിന്റെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ വെടിവച്ചു കൊന്നു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെസ്റ്റ് പാം ബീച്ചിലുള്ള വസതിയായ മറലാഗോയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യുവാവിനെ യുഎസ് സീക്രട്ട് സര്‍വീസ് വെടിവച്ചു കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റിസോര്‍ട്ടിന്റെ വടക്കന്‍ ഗേറ്റിലൂടെ ഉള്ളില്‍ കടക്കാന്‍ ശ്രമിച്ച 20 വയസുകാരനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത്. റിസോര്‍ട്ടിന്റെ സുരക്ഷിതമായ പരിധിക്കുള്ളില്‍ നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിച്ച ഇയാളുടെയടുത്ത് ഷോട്ട്ഗണ്‍ ഉണ്ടായിരുന്നതായി സീക്രട്ട് സര്‍വീസ് അറിയിച്ചു. പ്രതിയുടെ ലക്ഷ്യം എന്തായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഈ സമയത്ത് ഡൊണാള്‍ഡ് ട്രംപ് വാഷിങ്ടണിലായിരുന്നു. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.