യുവാവ് ടിപ്പറിടിച്ച് മരിച്ച സംഭവം: രണ്ടര കോടി നഷ്ടപരിഹാരം

Update: 2022-06-18 01:36 GMT

കോഴിക്കോട്: അലക്ഷ്യമായി അതിവേഗത്തില്‍ ഓടിച്ച ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. നടുവണ്ണൂര്‍ സ്വദേശി ഫിറോസ് അന്‍സാരിയാണ് 2019 ഏപ്രില്‍ 10നുണ്ടായ അപകടത്തില്‍ മരിച്ചത്.

ഫിറോസിന്റെ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് 2,04,97,800 രൂപ നല്‍കാനാണ് കോഴിക്കോട് മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണല്‍ ജഡ്ജി കെ ഇ സാലിഹ് വിധിച്ചത്. എട്ട് ശതമാനം പലിശയും കോടതിച്ചെലവുമടക്കം എതിര്‍കക്ഷികള്‍ ആകെ രണ്ടര കോടി രൂപ നല്‍കണം.

നടുവണ്ണൂരിനടുത്ത് രാത്രി റോഡരികില്‍ ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന ഫിറോസിനെ അതിവേഗത്തിലെത്തിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫിറോസ് 10 ദിവസത്തിന് ശേഷം മരിച്ചു. ലോറി ഉടമ താമരശ്ശേരി രാരോത്ത് തട്ടാന്‍തൊടുകയില്‍ ടി ടി മുഹമ്മദ് റിയാസും അലക്ഷ്യമായി വാഹനമോടിച്ച താമരശ്ശേരി പൂതാര്‍കുഴിയില്‍ പി കെ ആഷിഖും ഇന്‍ഷുറന്‍സ് കമ്പനിയായ ചോളമണ്ഡലം എംഎസ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായിരുന്നു എതിര്‍ കക്ഷികള്‍.

ഫിറോസിന്റെ ഭാര്യ ഫാത്തിമ ഹാഫിസയും പിതാവ് പക്കറും മാതാവ് സൗദയുമാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. ഭാര്യക്കും മാതാവിനും 50 ലക്ഷം വീതവും പിതാവിന് 25 ലക്ഷവും നല്‍കണം. ബഹ്‌റൈനില്‍ ജോലിയുണ്ടായിരുന്ന 31കാരനായ ഫിറോസ് അന്‍സാരി ലീവിന് നാട്ടിലെത്തിയപ്പോഴാണ് അപകടത്തില്‍ മരിച്ചത്. അഡ്വ. ആര്‍ രതീഷ് കുമാര്‍, അഡ്വ. എ മുംതാസ് എന്നിവര്‍ ഫിറോസിന്റെ കുടുംബത്തിനായി ഹാജരായി.