എസ്‌ഐആറില്‍ ജനുവരി 22 വരെ പേര് ചേര്‍ക്കാം

തെറ്റുതിരുത്താനും വിലാസം മാറ്റാനും അവസരം

Update: 2025-12-23 17:34 GMT

തിരുവനന്തപുരം: നിലവില്‍ പ്രസിദ്ധീകരിച്ച എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് പേര് ചേര്‍ക്കാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രത്തല്‍ ഖേല്‍ക്കര്‍. ഇതിനായി ഫോം 6 പൂരിപ്പിച്ചു നല്‍കണം. ഇതിനൊപ്പം സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്നുമുതല്‍ ഒരു മാസത്തേക്കാണ് പരാതികള്‍ ഉള്‍പ്പെടെ പരിഗണിക്കുക. ജനുവരി 22 വരെയാണ് ഇതിനുള്ള സമയം. വിദേശത്തുള്ളവര്‍ക്ക് പേരുവിവരങ്ങള്‍ ചേര്‍ക്കാന്‍ ഫോം 6 എ നല്‍കണം. എല്ലാ ഫോമുകളും വൈബ്‌സൈറ്റില്‍ ലഭ്യമാണ്. ബിഎല്‍ഒമാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാവുന്നതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു.

വിലാസം മാറ്റാനും തെറ്റുതിരുത്താനും ഫോം 8 നല്‍കണം. ഈ ഫോമുകള്‍ https://voters.eci.gov.in/ എന്ന ലിങ്കില്‍ ലഭിക്കും. ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാത്ത അപേക്ഷകരെ അദാലത്തിനു വിളിക്കും. ഇതിനുശേഷം ഒഴിവാക്കുകയാണെങ്കില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം. ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനുള്ളില്‍ ചീഫ് ഇലട്രല്‍ ഓഫീസര്‍ക്ക് രണ്ടാം അപ്പീല്‍ നല്‍കാം. അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിവരെ പട്ടികയില്‍ പേര് ചേര്‍ക്കാനും മാറ്റംവരുത്താനും അവസരമുണ്ട്. ഹിയറിങ്ങില്‍ പരാതിയുണ്ടെങ്കില്‍ 15 ദിവസത്തിനകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കണം. ഇതിലും പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിക്കാം. കരട് വോട്ടര്‍ പട്ടിക പരിശോധിച്ച് വോട്ടുണ്ടോയെന്ന് ഉറപ്പിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

Tags: