ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ 'സനാതന ധര്‍മ്മ'ത്തിനെതിരെയുള്ള ആക്രമണമെന്ന് യോഗി ആദിത്യനാഥ്
ലഖ്‌നോ: ഹലാല്‍ സര്‍ട്ടിഫിക്കേഷനെതിരേ ഗുരുതര ആക്രമണം അഴിച്ചുവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ 'സനാതന ധര്‍മ്മത്തിനെതിരേയുള്ള ഏറ്റവും വലിയ ആക്രമണം' എന്നാണ് പരാമര്‍ശം. ബുധനാഴ്ച ഗോരഖ്പൂരില്‍ നടന്ന ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യോഗിയുടെ വിവാദപരാമര്‍ശം.
ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള ഫണ്ട് 'ഭീകരതയ്ക്കും, 'ലവ് ജിഹാദിനും', 'മതപരിവര്‍ത്തനത്തിനും' ധനസഹായം നല്‍കാനാണ് ഉപയോഗിക്കുന്നതെന്നാണ് യോഗിയുടെ വാദം. 'ഏതെങ്കിലും ഇനം വാങ്ങുമ്പോള്‍, അതിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ലേബല്‍ ഉണ്ടോ എന്ന് പരിശോധിക്കുക. ഞങ്ങള്‍ അത് ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരിക്കുന്നു. ഇന്ന് ഉത്തര്‍പ്രദേശില്‍ ആരും അത് വാങ്ങാനോ വില്‍ക്കാനോ ധൈര്യപ്പെടില്ല,' യോഗി പറഞ്ഞു. രാജ്യത്തിനുള്ളില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ ഒരു കൂട്ടര്‍ ഉണ്ടാക്കിയെടുത്തത് 2000 കോടി രൂപയാണെന്നും ഈ പണമൊക്കെ ദുരുപയോഗം ചെയ്യുകയായിരുന്നെന്നും യോഗി അവകാശപ്പെട്ടു. രാഷ്ട്രീയ ഇസ് ലാമിന്റെ കീഴിലുള്ള ഗൂഢാലോചനയാണ് ഇത് എന്നാണ് യോഗി വിശേഷിപ്പിച്ചത്.
ഈ വര്‍ഷം ആദ്യം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തിനുള്ളില്‍ ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്കും വിതരണത്തിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ 'ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നതും' 'സാമൂഹിക ഐക്യത്തിന് ഭീഷണിയാകുന്നതുമായ' 'അനധികൃത സര്‍ട്ടിഫിക്കേഷനുകള്‍' നല്‍കുന്നുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു നിരോധനം.
എന്നാല്‍, ഭക്ഷ്യ വ്യവസായ വിദഗ്ധര്‍ ഈ അവകാശവാദങ്ങളെയെല്ലാം തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. കാഷര്‍ ലേബലിംഗ് പോലെ ഹലാല്‍ സര്‍ട്ടിഫിക്കേഷനും ഭക്ഷണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് കാണിക്കുന്നതിന് ലോകമെമ്പാടും പിന്തുടരുന്ന വിപണി രീതിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളും മുസ് ലിം സംഘടനകളും രൂക്ഷമായ വിമര്‍ശനമുന്നയിച്ചു. തദ്ദേശ സ്വയംഭരണ, ഉപതിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള യോഗി സര്‍ക്കാരിന്റെ ശ്രമമാണിതെന്ന് അവര്‍ വ്യക്തമാക്കി.
