ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് പീഡനമെന്ന് പരാതി: യോഗ അധ്യാപകനെതിരേ കേസ്

Update: 2025-09-03 10:24 GMT

ബെംഗളൂരു: ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് 19കാരിയെ പലവട്ടം ലൈംഗികമായി പീഡിപ്പിച്ച യോഗ അധ്യാപകനെതിരെ പോലിസ് കേസെടുത്തു. 2019 മുതല്‍ പ്രതിയെ പരിചയമുണ്ടായിരുന്നുവെന്നും 2021 മുതല്‍ തന്നെ അയാള്‍ യോഗ പരിശീലിപ്പിക്കാന്‍ തുടങ്ങിയതായും പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. 2023 നവംബറില്‍, 17 വയസ്സുള്ളപ്പോള്‍, ഒരു യോഗ പരിപാടിയില്‍ പങ്കെടുക്കാനായി അധ്യാപകനൊപ്പം തായ്‌ലന്‍ഡിലേക്ക് പോയപ്പോള്‍ അവിടെ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരിപാടിയില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.

2024ല്‍ പ്രതിയുടെ ഉടമസ്ഥതയിലുള്ള യോഗ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന പെണ്‍കുട്ടിയോട് ദേശീയ മെഡല്‍ വാങ്ങിത്തരാമെന്ന വാഗ്ദാനം നല്‍കി അധ്യാപകന്‍ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ആഗസ്റ്റ് 22നാണ് അവസാനമായി ലൈംഗികാതിക്രമം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഗര്‍ഭിണിയായ ശേഷമാണ് സംഭവം പുറത്തറിയുന്നത്. ലൈംഗിക പീഡനവും മെഡല്‍ വാഗ്ദാനങ്ങളും മാതാപിതാക്കളെ അറിയിച്ചിരുന്നില്ലെന്നും തന്നെ പോലെ ഏഴോളം പെണ്‍കുട്ടികള്‍ അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവരുടെയെല്ലാം വിവരങ്ങള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും പെണ്‍കുട്ടി പോലിസിനെ അറിയിച്ചു. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

Tags: