സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്

Update: 2021-02-11 00:39 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 2019ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം യേശുദാസന്. കാര്‍ട്ടൂണ്‍ രംഗത്തും മാധ്യമ പ്രവര്‍ത്തനത്തിലും നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം യേശുദാസന് നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ കാര്‍ട്ടൂണ്‍ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് യേശുദാസന്‍.

ഒരുലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതിയായ യേശുദാസന്‍ ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ ചരിത്രത്തെ കൂടിയാണ് വരകളിലൂടെ കോറിയിട്ടത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും മനസില്‍ ഒരു പോലെ കാര്‍ട്ടൂണ്‍ എന്ന കലയെ എത്തിക്കാനും ജനകീയമാക്കാനും യേശുദാസന് കഴിഞ്ഞിട്ടുണ്ട്. വരകളിലൂടെ കുറിക്ക് കൊള്ളുന്ന വിമര്‍ശനം ഉയര്‍ത്തുന്നതോടൊപ്പം വിഷയത്തെക്കുറിച്ച് ജനമനസുകളില്‍ ഗൗരവമേറിയ ചിന്തയ്ക്ക് വിത്തു പാകാനും യേശുദാസന്റെ കാര്‍ട്ടൂണുകള്‍ക്ക് സാധിച്ചിട്ടുണ്ട്.

മാവേലിക്കരയ്ക്കു സമീപം ഭരണിക്കാവില്‍ 1938ല്‍ ജനിച്ച അദ്ദേഹം, 1955ലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത്. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അശോക എന്ന മാസികയിലായിരുന്നു അത്. 1960ല്‍ ജനയുഗം പത്രത്തില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ ലോകത്തേക്ക് യേശുദാസന്‍ കടന്നത്. അദ്ദേഹത്തിന്റെ കിട്ടുമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ ദൈനംദിന രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതും ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നതുമായിരുന്നു.

Tags:    

Similar News