യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്;സഹായം തേടി നിമിഷപ്രിയയുടെ കുടുംബം പാണക്കാട്ട്

നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് എംബസിയുമായി സംസാരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Update: 2022-03-26 05:30 GMT

മലപ്പുറം: യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് സഹായം തേടി കുടുംബം പാണക്കാട്ട് തറവാട്ടിലെത്തി. കൊല്ലപ്പെട്ട യമന്‍ യുവാവിന്റെ കുടുംബത്തിന് ചോരപ്പണം നല്‍കാന്‍ പാണക്കാട് കുടുംബത്തിന്റെയും മുസ്‌ലിം ലീഗിന്റെയും സഹായം ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് കുടുംബം നിവേദനം നല്‍കി.

നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേലും, സേവ് നിമിഷപ്രിയ കര്‍മസമിതിയുമാണ് പാണക്കാട്ടെത്തിയത്.സാദിഖലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരെ കണ്ട് കുടുംബവും കര്‍മസമിതി പ്രവര്‍ത്തകരും സഹായമഭ്യര്‍ത്ഥിച്ചു.

ചോരപ്പണമായി ഭീമമായ തുക നല്‍കേണ്ടി വരും. ഈ തുക കണ്ടെത്താന്‍ കുടുംബത്തിനോ കര്‍മസമിതിക്കോ കഴിയാത്ത സാഹചര്യമാണുള്ളത്.നിമിഷ ജയിലിലായതോടെ കേസിനും മറ്റുമായി വീടുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിറ്റു.ഈ സാഹചര്യത്തിലാണ് കുടുംബം സഹായമഭ്യര്‍ഥിച്ച് പാണക്കാട്ട് എത്തിയത്. ഇവര്‍ക്ക് സര്‍ക്കാരുകളുമായി ബന്ധപ്പെട്ട സഹായം ലഭ്യമാക്കണം,മോചനത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള നിയമസഹായങ്ങള്‍ ലഭ്യമാക്കണമെന്നും നേതാക്കള്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.

യമനില്‍ ഏറെ ബന്ധങ്ങളുള്ള മുസ്‌ലിം ലീഗ് നേതാക്കള്‍ വിഷയത്തില്‍ ഇടപെടണമെന്നും കുടുംബത്തിന്റെ കണ്ണീര്‍ തുടക്കണമെന്നും സമിതി കണ്‍വീനര്‍ ജയചന്ദ്രന്‍ അഭ്യര്‍ഥിച്ചു.നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് എംബസിയുമായി സംസാരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Tags: