മഴ മുന്നറിയിപ്പ്; നാലു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Update: 2025-11-28 05:16 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപത്തുള്ള ശ്രീലങ്കന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്രന്യൂനമര്‍ദം ഡിറ്റ്‌വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇത് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വഴി നവംബര്‍ 30നു രാവിലെയോടെ വടക്കന്‍ തമിഴ്‌നാട് പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അതേസമയം, ഡിറ്റ്‌വാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്‌നാട് ആന്ധ്രാ പുതുച്ചേരി തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നാലുജില്ലകളില്‍ റെഡ് അലേര്‍ട്ടും ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു.

Tags: