യെലഹങ്കയിലെ കുടിയൊഴിപ്പിക്കല്‍; 'പിണറായി വിജയന്‍ രാഷ്ട്രീയം കളിക്കുന്നു': ഡി കെ ശിവകുമാര്‍
ബെംഗളൂരു: അനധികൃത കുടിയേറ്റം ആരോപിച്ച് കര്‍ണാടകയിലെ യെലഹങ്കയില്‍ നടന്ന ബുള്‍ഡോസര്‍ രാജിനെതിരായ വിമര്‍ശനത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കുടിയൊഴിപ്പിക്കല്‍ കേരള മുഖ്യമന്ത്രി അനാവശ്യമായി രാഷ്ട്രീയവത്കരിക്കുകയാണെന്ന് ഡി കെ ശിവകുമാര്‍ ആരോപിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഒഴിപ്പിക്കല്‍ നടത്തിയത്. കയ്യേറ്റക്കാരെയാണ് ഒഴിപ്പിച്ചത് സര്‍ക്കാര്‍ വസ്തുക്കള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയെന്നും യെലഹങ്ക സന്ദര്‍ശിച്ച ശേഷം ഡി കെ ശിവകുമാര്‍ എക്സിലൂടെ പ്രതികരിച്ചു.
'പിണറായി വിജയനെപ്പോലുള്ള ഒരു മുതിര്‍ന്ന നേതാവ് ഈ വിഷയത്തെക്കുറിച്ച് പൂര്‍ണ്ണമായ അറിവില്ലാതെ അഭിപ്രായം പറഞ്ഞത് ദുഃഖകരമാണ്. വെട്ടിത്തെളിച്ച ഭൂമി ഒരു ഖരമാലിന്യക്കുഴിയായിരുന്നു. ഇത് പ്രദേശത്ത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഞങ്ങള്‍ മനുഷ്യത്വം കാണിക്കുകയും അവര്‍ക്ക് മറ്റൊരിടത്തേക്ക് മാറാന്‍ അവസരം നല്‍കുകയും ചെയ്തു. പുറത്തുനിന്നുള്ള നേതാക്കള്‍ അത്തരം കാര്യങ്ങളില്‍ ഇടപെടരുത്'- ശിവകുമാര്‍ പറഞ്ഞു.
'കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളും കേരളാ മുഖ്യമന്ത്രിയും യെലഹങ്ക വിഷയം അനാവശ്യമായി രാഷ്ട്രീയവത്കരിക്കുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമെന്ന ഭയം കാരണം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ വ്യാജ സഹതാപം പ്രകടിപ്പിക്കുന്നു. യെലഹങ്കയില്‍ പാവപ്പെട്ടവരില്‍ നിന്നും പണം വാങ്ങി ചിലര്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് നിര്‍മാണം നടത്തിയത്'.
ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് സോളിഡ് വേസ്റ്റ് മാനേജ്‌മെന്റിന് നല്‍കിയതാണ് ഈ ഭൂമി. കൈയേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. പുറന്തള്ളിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചെന്നും അതില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്‌തെന്നും ഡി കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
