വൈ പുരണ്‍ കുമാറിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

Update: 2025-10-17 09:56 GMT

റോഹ്തക്: ഐപിഎസ് ഉദ്യോഗസ്ഥനായ വൈ പുരണ്‍ കുമാറിന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പ്രാഥമിക അന്വേഷണ റിപോര്‍ട്ടിലും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിലും പരാമര്‍ശിച്ചിരിക്കുന്ന സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഡിജിപി) ശത്രുജീത് കപൂര്‍ ഉള്‍പ്പെടെ ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള എല്ലാവരെയും അറസ്റ്റ് ചെയ്യുന്നതുവരെ പോസറ്റ്‌മോര്‍ട്ടം നടത്താന്‍ സമ്മതിക്കില്ലെന്നായിരുന്നു പുരണ്‍ കുമാറിന്റെ കുടുംബം പറഞ്ഞിരുന്നത്. അക്കാരണത്താല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മരിച്ച് എട്ടുദിവസത്തിന് ശേഷമാണ് നടന്നത്.

പുരണ്‍ കുമാറിന്റെ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 108 (ആത്മഹത്യ പ്രേരണ) പ്രകാരവും 1989 ലെ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ പോലിസ് അഞ്ചുജീവനക്കാരെ ചോദ്യം ചെയ്തു. ബന്ധുക്കളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

ഉന്നതതല കേസ് അന്വേഷിക്കുന്ന ചണ്ഡീഗഡ് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം ഊര്‍ജിതമാക്കി. കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്‌നീത് പി കുമാര്‍, അവരുടെ രണ്ട് പെണ്‍മക്കള്‍, അമ്‌നീതിന്റെ സഹോദരനും പഞ്ചാബ് എഎപി എംഎല്‍എയുമായ അമിത് രത്തന്‍, മറ്റ് അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരുടെ മൊഴികള്‍ എസ്ഐടി ഉടന്‍ രേഖപ്പെടുത്തും.

മരിച്ച പുരണ്‍ കുമാറിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ എസ്ഐടി പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന്, അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ ഒരു 9എംഎം പിസ്റ്റളും ഉപയോഗിച്ച ഒരു കാട്രിഡ്ജും കണ്ടെടുത്തിരുന്നു, ഇവ രണ്ടും ബാലിസ്റ്റിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്.

പുരണ്‍ കുമാറിന്റെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകളും (സിഡിആര്‍) അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് അദ്ദേഹം ഏതാനും അഭിഭാഷകരുമായി സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ ഇതിലുണ്ട്. റോഹ്തക്കില്‍ അദ്ദേഹത്തിനെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുമായി ആ സംഭാഷണങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് എസ്ഐടി പരിശോധിക്കുന്നുണ്ട്.

അതേസമയം, പുരണ്‍ കുമാറിന്റെ ലാപ്ടോപ്പ് കുടുംബം ഇതുവരെ പോലിസിന് കൈമാറിയിട്ടില്ല. അതിനാല്‍ ചണ്ഡീഗഡ് പോലിസ് അത് പിടിച്ചെടുക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.

Tags: