യുപിയിൽ മൂന്നുവയസ്സുള്ള കുട്ടിയെ ചെന്നായ പിടിച്ചു; ആക്രമണം മാതാവിൻ്റെ മടിയിലിരുന്ന് പാൽ കുടിക്കവെ, കുട്ടിക്കായി തിരച്ചിൽ
ലഖ്നോ: ബഹ്‌റൈച്ചിൽ ചെന്നായ്ക്കളുടെ ആക്രമണം രൂക്ഷം. മാതാവിൻ്റെ മടിയിൽ ഇരുന്നിരുന്ന കുഞ്ഞിനെ ചെന്നായ പിടിച്ചു. ഇതോടെ ഈ വർഷം ചെന്നായ്ക്കൾ കൊന്ന കുട്ടികളുടെ എണ്ണം നാലായി.വനംവകുപ്പ് ഡ്രോണുകൾ ഉപയോഗിച്ച് പ്രദേശം നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്തിയിട്ടില്ല.
മൂന്ന് വയസ്സുള്ള കുട്ടിയെയാണ് ചെന്നായ പിടിച്ചത്. ഫഖർപൂർ ബ്ലോക്കിലെ മഞ്ജര തൗക്ലി ഗണ്ടുജാല ഗ്രാമത്തിൽ താമസിക്കുന്ന രക്ഷറാം യാദവിന്റെ മകൻ അങ്കേഷിനെയാണ് നായ പിടിച്ചത്. മാതാവിൻ്റെ മടിയിലിരുന് പാൽ കുടിക്കുകയായിരുന്നു കുഞ്ഞ്. മാതാവിൻ്റെ നിലവിളി കേട്ട് ഗ്രാമവാസികൾ വടികളുമായി ഓടിയെത്തി, പക്ഷേ ചെന്നായയെയും കുട്ടിയെയും കണ്ടെത്താനായില്ല. ഡിഎഫ്ഒ രാം സിംഗ് യാദവ്, റേഞ്ചർ ഓംകാർനാഥ് യാദവ്, പോലീസ് സംഘം എന്നിവർ സ്ഥലത്തെത്തി.
ഈ വർഷം ഇതുവരെ നാലു കുട്ടികളെ ചെന്നായ ഇരയാക്കിയിട്ടുണ്ട്. ജൂൺ 3 ന് ഗദാമാറിലെ ഗാധിപൂർവയിൽ താമസിക്കുന്ന ആയുഷ് (2), സെപ്റ്റംബർ 10 ന് മഞ്ജര തൗക്ലിയിലെ പരാഗ്പൂരിൽ താമസിക്കുന്ന ജ്യോതി (4), സെപ്റ്റംബർ 12 ന് ഭൗരിയിലെ ബഹോർവയിൽ താമസിക്കുന്ന സന്ധ്യ (4 മാസം), ഇപ്പോൾ സെപ്റ്റംബർ 20 ന് അങ്കേഷ് (3) എന്നിവരാണ് ചെന്നായക്കിരയായവർ.