'ദൃശ്യവും അദൃശ്യവുമായ ദൈവങ്ങളെ ആരാധിക്കണം'; മാ ശൃംഗാര്‍ ഗൗരി സ്ഥലത്തേക്ക് കാശി ജ്ഞാന്‍വാപി പള്ളിവഴി പ്രതിദിന പ്രവേശനം ആവശ്യപ്പെട്ട ഹരജിയില്‍ വീഡിയോ സര്‍വേ

Update: 2022-05-07 05:44 GMT

വരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ജ്ഞാന്‍വാപി പളളിയുടെ ചുവരിനോട് ചേര്‍ന്ന മാ ശൃംഗാര്‍ ഗൗരി സ്ഥലത്ത് ആരാധിക്കാന്‍ വര്‍ഷം മുഴുവന്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട ഹരജിയില്‍ കോടതി നിര്‍ദേശപ്രകാരമുളള സര്‍വേ തുടങ്ങി. വെള്ളിയാഴ്ച തുടങ്ങിയ സര്‍വേ ശനിയാഴ്ചയും തുടരും. സര്‍വേയുടെ ഭാഗമായി വീഡിയോയും എടുക്കുന്നുണ്ട്. പള്ളിയ്ക്കുള്ളില്‍ വീഡിയോ എടുക്കണമെന്ന ആവശ്യം കോടതി ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പള്ളി മാനേജ്‌മെന്റ് എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും പോലിസ് സഹായത്തോടെ വീഡിയോഗ്രഫി തുടര്‍ന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന ജ്ഞാന്‍വാപി പള്ളിയുടെ പടിഞ്ഞാറെ മതിലിനോട് ചേര്‍ന്നാണ് മാതാ ശൃംഗാര്‍ ഗൗരി സ്ഥലം. വര്‍ഷത്തിലൊരിക്കലാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇവിടെ ഒരു പ്രതിഷ്ഠയുണ്ട്. സ്ഥിരമായ ആരാധനയുണ്ടായിരുന്നില്ലെങ്കിലും അത് വേണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകളാണ് കോടതിയെ സമീപിച്ചത്. ഇപ്പോള്‍ വര്‍ഷത്തിലൊരിക്കലേയുള്ളൂവെന്നും എല്ലാ ദിവസവും ആരാധന അനുവദിക്കണമെന്നുമാണ് ആവശ്യം. അനാദികാലത്തെന്ന് ഹരജിക്കാര്‍ വിശേഷിപ്പിക്കുന്ന പ്രതിഷ്ഠയും അദൃശ്യരായ ദൈവങ്ങളും ഗൗരീസ്ഥലത്തുണ്ടെന്നും അവയെയും ആരാധിക്കണമെന്നും ഹരജിക്കാര്‍ പറയുന്നു.

ഹരജി ഫയലില്‍ സ്വീകരിച്ച വരാണസി കോടതി പ്രദേശത്തിന്റെ സര്‍വേ നടത്താനും വീഡിയോയില്‍ പകര്‍ത്താനും ആവശ്യപ്പെട്ടു. മെയ് 10നാണ് റിപോര്‍ട്ട് നല്‍കേണ്ടത്. പള്ളിക്കുള്ളില്‍ വീഡിയോ എടുക്കണമെന്ന് ഉത്തരവിലില്ലെങ്കിലും അത് വേണമെന്ന് ഹരജിക്കാര്‍ സര്‍വേ സമയത്ത് ആവശ്യപ്പെട്ടു. പള്ളി മാനേജ്‌മെന്റ് എതിര്‍പ്പ് പറഞ്ഞു. പക്ഷേ, ഹരജിക്കാരുടെ ആവശ്യപ്രകാരം പള്ളിക്കുള്ളില്‍ത്തന്നെ സര്‍വേ നടത്തി. അത് ഇന്നും തുടരും.

Tags: