ഗ്യാന്‍വാപി പള്ളിയിലെ ശിവലിംഗത്തില്‍ ആരാധന അനുവദിക്കണം: ഹരജിയുമായി ഹിന്ദുകക്ഷികള്‍ സുപ്രിംകോടതിയില്‍

Update: 2022-07-15 13:49 GMT

ന്യൂഡല്‍ഹി: വാരാണസി കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി പള്ളിയിലെ ശിവലിംഗത്തില്‍ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു കക്ഷികള്‍ സുപ്രിംകോടതിയെ സമീപിച്ചു.

ശ്രീകൃഷ്ണ ജന്മ ഭൂമി മുക്തി സ്ഥല്‍ പ്രസിഡന്റ് രാജേഷ് മനി ത്രിപാഠിയാണ് ഹരജിക്കാരന്‍. ശ്രാവണമാസം ആരംഭിച്ചെന്നും ആരാധന അനുവദിക്കണമെന്നുമാണ്  ആവശ്യപ്പെട്ടിരിക്കുന്നത്.

ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ഉപയോഗിച്ച് ശ്രാവണമാസത്തില്‍ ഹിന്ദു മതാചാരപ്രകാരം ആരാധന അനുവദിക്കാനുള്ള അവസരമുണ്ടാക്കണം. ശ്രാവണമാസത്തില്‍ സ്വന്തം താല്‍പര്യവും മതാചാരപ്രകാരവും ആരാധന അനുവദിക്കണമെന്ന ആവശ്യവുമായാണ് ഹരജിക്കാരന്‍ കോടതിയ്ക്കുമുന്നിലെത്തിയിരിക്കുന്നത്. അത് ഭരണഘടനയുടെ അനുച്ഛേദം 25 ഉറപ്പുനല്‍കുന്നുമുണ്ട്- ഹരജിയില്‍ പറയുന്നു.

ഗ്യാന്‍വാപിയില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ശിവലംഗത്തില്‍ ആരാധന നടത്തണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. അതേസമയം കണ്ടെത്തിയത് ജലധാരയുടെ ഭാഗമാണെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

ഗ്യാന്‍വാപി കേസ് സിവില്‍ കോടതിയില്‍നിന്ന് ജില്ലാ കോടതിയിലേക്ക് മാറ്റാന്‍ മെയ് 20ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന പ്രദേശം സംരക്ഷിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അവിടെ നമസ്‌കാരം അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.

Tags:    

Similar News