ലോകകപ്പ് യോഗ്യത; ജയം തുടര്‍ന്ന് അര്‍ജന്റീന; ബ്രസീലിന് സമനില പൂട്ട്

Update: 2023-10-13 05:15 GMT

ബ്യൂണസ്‌ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ അര്‍ജന്റീനക്ക് തുടര്‍ച്ചയായ മൂന്നാം വിജയം. ഇന്ന് പരാഗ്വേയെ നേരിട്ട അര്‍ജന്റീന മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചു. മെസ്സി ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ സബ്ബായാണ് മെസ്സി അര്‍ജന്റീനക്ക് ആയി കളത്തില്‍ ഇറങ്ങിയത്. മെസ്സിയുടെ അഭാവത്തില്‍ ഒറ്റമെന്‍ഡി ആയിരുന്നു ഇന്ന് അര്‍ജന്റീനയുടെ ക്യാപ്റ്റന്‍. അദ്ദേഹം തന്നെ വിജയ ഗോളും നേടി.


മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ കിട്ടിയ കോര്‍ണറില്‍ നിന്ന് ഒരു ഗംഭീര ഫിനിഷിലൂടെ ആയിരുന്നു ഒറ്റമെന്‍ഡിയുടെ ഗോള്‍. അതിനു ശേഷം നിരവധി അവസരങ്ങള്‍ അര്‍ജന്റീന സൃഷ്ടിച്ചു. എങ്കിലും കൂടുതല്‍ ഗോള്‍ പിറന്നില്ല. അറ്റാക്കില്‍ ഇന്ന് ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയോ ആല്‍വാരസ് കൂട്ടുകെട്ടാണ് അര്‍ജന്റീന ഇറക്കിയത്. ഇരുവരും നല്ല കളി കാഴ്ചവെച്ചു.മെസ്സി 53ആം മിനുട്ടില്‍ കളത്തില്‍ എത്തി. അദ്ദേഹം ഒന്നില്‍ കൂടുതല്‍ തവണ ഗോളിന് അടുത്ത് എത്തിയിരുന്നു. ഇപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 9 പോയിന്റുമായി അര്‍ജന്റീന ലോകകപ്പ് യോഗ്യത പോരാട്ടങ്ങളില്‍ ഒന്നാമത് നില്‍ക്കുകയാണ്.


യോഗ്യത റൗണ്ടില്‍ ബ്രസീലിന് തിരിച്ചടി. ഇന്ന് ബ്രസീലില്‍ നടന്ന മത്സരത്തില്‍ വെനിസ്വേല ശക്തരായ ബ്രസീലിനെ സമനിലയില്‍ പിടിച്ചു. 85ആം മിനുട്ടിലെ ഗോളിലൂടെ ആയിരുന്നു അവര്‍ സമനില നേടിയത്. മത്സരം 1-1 എന്ന സ്‌കോറിലാണ് അവസാനിച്ചത്. ബ്രസീല്‍ വിജയത്തിലേക്ക് പോവുക ആണെന്ന് തോന്നിച്ച നിമിഷത്തില്‍ ബെല്ലോ ആണ് വെനിസ്വേലക്ക് സമനില നല്‍കിയത്. അതും ഒരു ആക്രൊബാറ്റിക് ഫിനിഷിലൂടെ ആയിരുന്നു.

ഇന്ന് തുടക്കം മുതല്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യം കാണാനും ബ്രസീല്‍ പ്രയാസപ്പെട്ടിരുന്നു. മത്സരത്തിന്റെ 50ആം മിനുട്ടില്‍ ഡിഫന്‍ഡര്‍ ഗബ്രിയേല്‍ ആണ് ബ്രസീലിന് ലീഡ് നല്‍കിയത്. നെയ്മറിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. എന്നിട്ടും വിജയം ഉറപ്പിക്കാന്‍ ബ്രസീലിനാവാത്തത് നിരാശ നല്‍കും. ഈ സമനിലയോടെ 3 മത്സരങ്ങളില്‍ നിന്ന് 7 പോയിന്റുമായി ബ്രസീല്‍ യോഗ്യത റൗണ്ടില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. വെനിസ്വേലക്ക് നാലു പോയിന്റ് ആണുള്ളത്.






Tags:    

Similar News