വനിതാ സംവരണം; കോണ്‍ഗ്രസ് അനുകരിക്കുന്നുവെന്ന് പരിഹസിച്ച് തൃണമൂല്‍

Update: 2021-10-20 09:36 GMT

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് ആദ്യം തങ്ങളാണെന്നും കോണ്‍ഗ്രസ് തങ്ങളെ അനുകരിക്കുകയാണെന്നും പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. യുപി തിരഞ്ഞെടുപ്പില്‍ 40 ശതമാനം സ്ഥാനാര്‍ത്ഥികളും വനിതകള്‍ക്ക് മാറ്റിവയ്ക്കുമെന്ന പ്രിയങ്കാ ഗാന്ധി വാദ്രയുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് വിമര്‍ശനവും പരിഹസവുമായി തൃണമൂല്‍ രംഗത്തുവന്നത്. വനിതകള്‍ക്ക് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സംവരണം ഏര്‍പ്പെടുത്തിയത് തങ്ങളാണെന്നും 2019 തിരഞ്ഞെടുപ്പില്‍ തങ്ങളത് നടപ്പാക്കിയെന്നും ട്വിറ്ററില്‍ തൃണമൂല്‍ പ്രതികരിച്ചു.

സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തത് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്, തൃണമൂലിനെ അനുകരിക്കാന്‍ ശ്രമിക്കുകയാണ്. ഇത് വാര്‍ത്തയ്ക്കുവേണ്ടിയുള്ള നീക്കമാണെന്നേ കരുതാനാവൂ. അതല്ല, ഗൗരവമായി കാണുന്നെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യണം- തൃണമൂല്‍ ട്വീറ്റ് ചെയ്തു.