ജില്ല, തദ്ദേശ ഭരണ,വാര്‍ഡ് കേന്ദ്രങ്ങളില്‍ ഡിസംബര്‍ 18ന് സ്ത്രീപക്ഷ നവകേരള പ്രതിജ്ഞ

Update: 2021-12-15 19:04 GMT

തിരുവനന്തപുരം: സ്ത്രീപദവിയും തുല്യതയും ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉദ്ഘാടന ദിവസമായ ഡിസംബര്‍ 18ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന കേന്ദ്രങ്ങളിലും വിവിധ വാര്‍ഡുകളിലും കുടുംബശ്രീ പ്രവര്‍ത്തകരും ബഹുജനങ്ങളും സ്ത്രീപക്ഷ നവകേരള പ്രതിജ്ഞയെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അതേ വേദിയില്‍ ക്യാമ്പയിന്‍ അംബാസഡറായ നടി നിമിഷാ സജയന്‍ പ്രതിജ്ഞ ചൊല്ലും. സംസ്ഥാനത്തെ കാല്‍ലക്ഷത്തിലേറെ കേന്ദ്രങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും സ്ത്രീപക്ഷ നവകേരളത്തിന് ഐക്യദാര്‍ഡ്യമേകുന്ന ബഹുജനങ്ങളും പ്രതിജ്ഞയെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ 18ന് സംസ്ഥാനത്തെ എല്ലാ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്ത്രീധന, സ്ത്രീ പീഡന വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി വാര്‍ഡ് കേന്ദ്രങ്ങളിലേക്ക് നാടുണര്‍ത്തല്‍ പദയാത്ര നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരും കുടുംബാംഗങ്ങളും യുവതീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും യുവജനങ്ങളും സാമൂഹ്യസാംസ്‌കാരിക മേഖലയിലെ പ്രമുഖരും പൊതുജനങ്ങളും വാര്‍ഡ് കേന്ദ്രത്തില്‍ ഒത്തുകൂടി സ്ത്രീപക്ഷ നവകേരളത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കാളികളാവുകയും പ്രതിജ്ഞയെടുക്കുകയും ചെയ്യും.

സ്ത്രീപക്ഷ നവകേരളത്തിന്റെ സമീപന രേഖ നിശാഗന്ധിയിലെ ഉദ്ഘാടന വേദിയില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്യും. സ്‌നേഹിത ടോള്‍ഫ്രീ നമ്പറിന്റെ പ്രകാശനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ മൂന്ന് മണിവരെ സംസ്ഥാനത്തെ വിവിധ കുടുംബശ്രീ പ്രവര്‍ത്തകര്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: