പേരാമ്പ്ര സാംബവകോളനിയിലെ മൂന്ന് പെണ്‍കുട്ടികളുടെ പഠനം വിമന്‍ ജസ്റ്റിസ് ഏറ്റെടുത്തു

Update: 2022-06-06 15:12 GMT

കോഴിക്കോട്: ജാതിവിവേചനത്തിന് ഇരയായ പേരാമ്പ്ര സാംബവകോളനിയിലെ മൂന്ന് പെണ്‍കുട്ടികളുടെ പ്ലസ് ടു പഠനം വിമന്‍ ജസ്റ്റിസ് ഏറ്റെടുക്കുന്നതായി സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ് അറിയിച്ചു.

അടിസ്ഥാനാവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന സാഹചര്യമാണ് കോളനിയിലുള്ളത്. പല വീടുകളും പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തിയ അവസ്ഥയിലാണ്. വാതിലുകള്‍, ടോയ്‌ലെറ്റുകള്‍, ഇലക്ട്രിസിറ്റി എന്നിവ പല വീടുകളിലുമില്ല. കേരളത്തിന് താങ്ങാനാകാത്ത കെ റെയിലിനെ മുറുകെപ്പുണരുന്ന സര്‍ക്കാരിന്റെ കാഴ്ചവട്ടത്ത് ഈ കോളനികളൊന്നും വരുന്നില്ല എന്ന വിവേചനത്തിന്റെ തീവ്രതയാണ് കാണിക്കുന്നത്. നീതി നിഷേധിക്കപ്പെട്ട സാംബവ വിഭാഗത്തിലെ ഈ പെണ്‍കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലെത്തിക്കാനാണ് വിമന്‍ ജസ്റ്റിസ് ആഗ്രഹിക്കുന്നത്.

സര്‍ക്കാറിന്റെ ശ്രദ്ധ ഇവിടങ്ങളിലേക്ക് തിരിക്കാന്‍ ജനകീയ ഇടപെടലുകള്‍ക്ക് സാധ്യമാവുമെന്ന് ജബീന പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സുബൈദ കക്കോടി, സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, കോഴിക്കോട് ജില്ലാ നേതാക്കളായ അനില, ഷെമീറ, റൈഹാന, മണ്ഡലം നേതാക്കളായ ഷൈമ, ഷംന ചങ്ങരോത്ത് പഞ്ചായത്ത്, മെമ്പര്‍ ഫാത്തിമ എന്നിവരടങ്ങിയ സംഘം കോളനി സന്ദര്‍ശിച്ചു.