നിത്യോപയോഗ സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അമിത നികുതി പിന്‍വലിക്കണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
ന്യൂഡല്‍ഹി: നിത്യോപയോഗ സാധനങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അമിതമായ സെസ്സും സര്‍ചാര്‍ജ്ജും പിന്‍വലിക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ഇതുമൂലമുണ്ടായ വന്‍ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ജനങ്ങളെ ദുരിതത്തില്‍ നിന്ന് ദുരന്തങ്ങളിലേക്ക് എടുത്തെറിയുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരേണ്ടതുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും വളഞ്ഞ വഴിയിലൂടെ സമ്പത്ത് കൊള്ളയടിച്ച് ജനങ്ങളെ പാപ്പരാക്കുകയും ഒപ്പം മുതലാളി വര്‍ഗത്തിന് നിര്‍ലോഭം തട്ടിപ്പുകള്‍ നടത്താന്‍ ഒത്താശ ചെയ്യുകയും ചെയ്യുന്ന ഭരണകൂടം സാധാരണ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കിയിരിക്കുകയാണ്. നികുതിഭാരം കൊണ്ട് കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും നടുവൊടിഞ്ഞിരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റു തുലയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിനെതിരെ ഉയരുന്ന ജനരോഷത്തെ വഴി തിരിച്ചുവിടാന്‍ കുടിലതന്ത്രങ്ങള്‍ പയറ്റാന്‍ നില്‍ക്കാതെ വിലക്കയറ്റത്തെ നിയന്ത്രിക്കാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ തേടുകയും അമിത നികുതി പിന്‍വലിക്കാന്‍ തയ്യാറാവുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയുന്നതിനുള്ള നിയമങ്ങള്‍ നിലവിലുണ്ടായിട്ടും രാജ്യത്ത് ഇപ്പോഴും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ നിര്‍ബാധം തുടരുകയാണ്. എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കനയ്യലാല്‍ കൊല്ലപ്പെട്ടപ്പോള്‍ 50 ലക്ഷം രൂപയും കുടുംബത്തിലെ രണ്ടുപേര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കിയവര്‍ വെള്ളപ്പാത്രം അശുദ്ധമാക്കി എന്ന് പറഞ്ഞ് ഒരധ്യാപകന്‍ ഒരു ദലിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയപ്പോള്‍ നല്‍കിയത് കേവലം 5 ലക്ഷം രൂപയാണ്. ഇത്തരം വിവേചനങ്ങളാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇരകളോടുള്ള വിവേചനം അവസാനിപ്പിച്ച് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും മറ്റുള്ളവര്‍ക്കും തുല്യരീതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ദേശിയ കമ്മിറ്റി ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ് ലാം അധ്യക്ഷത വഹിച്ചു.
