പദ്മശ്രീ കെ വി റാബിയയുടെ വേര്‍പാട്; അക്ഷര കേരളത്തിന് നികത്താനാവത്ത നഷ്ടം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2025-05-04 11:58 GMT

തിരുവനന്തപുരം: പദ്മശ്രീ കെ വി റാബിയയുടെ വേര്‍പാട് അക്ഷര കേരളത്തിന് നികത്താനാവത്ത നഷ്ടമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍. അക്ഷരത്തിനു വേണ്ടി നിലകൊള്ളുകയും ജീവിതാന്ത്യം വരെ പരിശ്രമം തുടരുകയും ചെയ്ത മഹതിയായിരുന്നു റാബിയ. അക്ഷരങ്ങളെ വെളിച്ചമാക്കി അംഗപരിമിതിയെ മറികടന്ന റാബിയ ഇച്ഛാശക്തിയും പ്രയത്‌നവും കൈമുതലാക്കി ഒരു സാമൂഹിക വിപ്ലവത്തിന് തന്നെ തിരികൊളുത്തുകയായിരുന്നു. നിരക്ഷരതയോടു മാത്രമല്ല, തളര്‍ത്തിക്കളഞ്ഞ പോളിയോയോടും കാര്‍ന്നു തിന്നുന്ന അര്‍ബുദത്തോടും കൂടിയാണ് റാബിയ പൊരുതിയത്.

ദൃഢനിശ്ചയവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ പരിമിതികളില്ല എന്നതിന് എക്കാലത്തെയും മാതൃകയാണ് റാബിയ. മഹതിയുടെ ത്യാഗോജ്ജ്വല വ്യക്തിത്വത്തെ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ഐക്യരാഷ്ട്ര സഭയുടേതടക്കം നിരവധി പുരസ്‌കാരങ്ങള്‍ക്ക് അവര്‍ അര്‍ഹയായി. അവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം വ്യസനിക്കുന്ന ഉറ്റവര്‍ കുടംബക്കാര്‍ സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കാളിയാവുന്നതായും സുനിത നിസാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Tags: