വനിതാ വികസന കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്‌ക്കരണം; സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി മന്ത്രി കെ കെ ശൈലജ

Update: 2020-10-20 14:29 GMT

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ഥാപനത്തിലെ സ്ഥിരം ജീവനക്കാര്‍ക്ക് 01.07.2014 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുന്നത്. 18.10.2020ലെ ഉത്തരവ് തീയതി മുതല്‍ മറ്റ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


സംസ്ഥാനത്തെ സ്ത്രീകളുടെ സമഗ്ര ശാക്തീകരണം, സാമ്പത്തിക സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടുകൊണ്ട് 1988ല്‍ സ്ഥാപിതമായതാണ് വനിത വികസന കോര്‍പ്പറേഷന്‍. സാമ്പത്തിക സ്വാശ്രയത്വം കൈവരുന്നതിലേക്ക് വനിതകള്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നതാണ് സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനം. ഇതിന് പുറമേ ദേശീയ സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സ്ഥാപനം ഏറ്റെടുത്ത് നടത്തി വരുന്നു.

വിവിധ ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും, സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ വായ്പ എടുക്കുകയും ആയത് ലളിതമായ വ്യവസ്ഥകളോടെ സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ക്ക് സംരംഭക വായ്പ നല്‍കുകയും ചെയ്യുന്നു.

2016 വരെ സ്ഥാപനത്തിന് അനുവദിക്കപ്പെട്ടിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി 140 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഗ്യാരന്റി 140 കോടിയില്‍ നിന്നും 740.56 കോടി രൂപയായി ഉയര്‍ത്തി നല്‍കിയിട്ടുണ്ട്. അതേ തുടര്‍ന്ന് 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതു വരെ 22,000 വനിതകള്‍ക്കായി 480 കോടി രൂപ സ്വയം തൊഴില്‍ വായ്പ നല്‍കാന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. പ്രതിവര്‍ഷ വായ്പ വിതരണം ശരാശരി 40 കോടി രൂപയില്‍ നിന്നും 110 കോടി രൂപ ആയി ഉയര്‍ന്നിട്ടുണ്ട്. ഇതേ വളര്‍ച്ച പ്രതിവര്‍ഷ വായ്പ തിരിച്ചടവിലും പ്രത്യക്ഷമാണ്.

ഇക്കഴിഞ്ഞ നാല് വര്‍ഷത്തില്‍ നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ സ്ഥാപനം നേടുകയുണ്ടായി. മികവുറ്റ രീതിയില്‍ വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചാനലൈസിംഗ് ഏജന്‍സിയ്ക്കുള്ള ചആഇഎഉഇ നല്‍കിയ അവാര്‍ഡും, ഏറ്റവും മികച്ച ചാനലൈസിംഗ് ഏജന്‍സിയ്ക്ക് ചടഎഉഇ നല്‍കി വന്ന പെര്‍ഫോമന്‍സ് എക്സലന്‍സ് അവാര്‍ഡ് മൂന്ന് വര്‍ഷം തുടര്‍ച്ചയായി വാങ്ങിയതും ഇവയില്‍ ഉള്‍പ്പെടുന്നു.