രക്ഷ തേടിയെത്തിയ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറി; വനിത പോലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

Update: 2026-02-13 07:00 GMT

മുംബൈ: മഹാരാഷ്ട്രയില്‍ രക്ഷ തേടിയെത്തിയ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറിയതിനെ തുടര്‍ന്ന് വനിത പോലിസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. പോലിസ് കോണ്‍സ്റ്റബിള്‍ മനീഷ പുകാലെയ്‌ക്കെതിരേയാണ് നടപടി. ഒരു മാസം മുന്‍പായിരുന്നു സംഭവം.

പൂനെയിലെ ബുധ്വാര്‍പേട്ട പ്രദേശത്ത് നിന്നാണ് ബംഗ്ലാദേശ് സ്വദേശിയായ യുവതി രക്ഷപെട്ട് പോലിസ് സ്‌റ്റേഷനിലെത്തിയത്. സെക്‌സ് റാക്കറ്റുകാരാണ് യുവതിയെ എത്തിച്ചതെന്നാണ് വിവരം. പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന വേശ്യാവൃത്തിക്കെതിരായ ശൃംഖലയുമായി ബന്ധപ്പെട്ടവരില്‍ നിന്നാണ് യുവതി രക്ഷപ്പെട്ട് ഫറന്‍സ്ഖാനാ സ്റ്റേഷനിലെത്തി അഭയം തേടിയത്. സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മനീഷ പുകാലെയോട് യുവതി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ മറ്റൊരു പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി, അവിടെ വേശ്യാവൃത്തിയുടെ നടത്തിപ്പുകാരനെ വിളിച്ചുവരുത്തി സംസാരിച്ചതിനുശേഷം യുവതിയെ ഇയാളുടെ കൈവശം വീണ്ടും ഏല്‍പ്പിക്കുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് ബുധ്വാര്‍പേട്ടില്‍ കഴിഞ്ഞ ദിവസം പോലിസ് റെയ്ഡ് നടത്തി. 600ലധികം പോലിസുകാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വിവിധ കെട്ടിടങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളടക്കം നിരവധി സ്ത്രീകളെ പോലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുകയാണെന്ന് പോലിസ് അറിയിച്ചു.

Tags: