പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ രാഷ്ട്രപതി പങ്കെടുത്ത ചടങ്ങില്‍ ഗോള്‍ഡ് മെഡല്‍ നേടിയ മുസ്‌ലിം പെണ്‍കുട്ടിക്ക് പ്രവേശനം നിഷേധിച്ചു

എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവായ റബീഹ അബ്ദു റഹ്മാനെയാണ് ഉദ്യോഗസ്ഥര്‍ ഹാളില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞുവച്ചത്.

Update: 2019-12-23 12:38 GMT

പോണ്ടിച്ചേരി: പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാനചടങ്ങില്‍ മുസ്ലിം  പെണ്‍കുട്ടിയെ ഉദ്യോഗസ്ഥര്‍ ഹാളില്‍  പ്രവേശിപ്പിച്ചില്ല. എം.എ മാസ് കമ്യൂണിക്കേഷന്‍ സ്വര്‍ണമെഡല്‍ ജേതാവായ റബീഹ അബ്ദു റഹ്മാനെയാണ് ഉദ്യോഗസ്ഥര്‍ ഹാളില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞുവച്ചത്.

സര്‍വ്വകലാശാലയുടെ 27 ാം കൊണ്‍വൊക്കേഷനില്‍ ബിരുദം വിതരണം ചെയ്യുന്നത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ റബീഹയെ രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. തടഞ്ഞതിന് കാരണം വിശദീകരിക്കാനും തയ്യാറായില്ല. പിന്നീട് രാഷ്ട്രപതി, വേദി വിട്ടശേഷമാണ് തന്നെ അകത്ത് കടക്കാന്‍ അനുവദിച്ചതെന്ന് റബീഹ  പറയുന്നു. 2018 ലെ എംഎ മാസ് കമ്യൂണിക്കേഷനില്‍ റബീഹക്കായിരുന്നു ഒന്നാം റാങ്ക്.

 രാഷ്ട്രപതി പോയ ശേഷം നടന്ന ചടങ്ങില്‍ റബീഹ സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റിയെങ്കിലും മെഡല്‍ നിരസിച്ചു.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി കോവിന്ദില്‍ നിന്ന് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങുന്നത് പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ തന്നെ കാര്‍ത്തിക് ബി കുറുപ്പ് ഉള്‍പ്പെടെ മൂന്നു പേര്‍ നേരത്തെ തന്നെ നിരസിച്ചിരുന്നു.

Tags:    

Similar News