സ്ത്രീധനം കുറഞ്ഞെന്ന്; യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു

Update: 2026-02-08 09:40 GMT

വൈശാലി: സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു. ബിഹാറിലെ വൈശാലിയിലെ കത്താറ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ ഒളിവില്‍ പോയി.

ലാല്‍ഗഞ്ച് പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഷാഹുല്ലപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ലഖീന്ദ്ര റാമന്റെ മകള്‍ ആരതി കുമാരിയാണ് കൊല്ലപ്പെട്ടത്. വിവാഹ സമയത്ത് സ്ത്രീധനമായി 1.20 ലക്ഷം രൂപ, ഒരു ബൈക്ക്, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ആരതിയുടെ ബന്ധുക്കള്‍ ഭര്‍ത്താവായ വികാസ് കുമാറിന് നല്‍കിയിരുന്നു.

എന്നാല്‍ കല്യാണം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം സ്ത്രീധനം ഇനിയും നല്‍കണമെന്നാവശ്യപ്പെട്ട് വികാസ് കുമാര്‍ യുവതിയെ ഭീഷണിപ്പെടുത്തി. വിവരമറിഞ്ഞ ആരതിയുടെ പിതാവ് പോത്തിനെ വിറ്റ പണം കൂടി അധികമായി വീണ്ടും കൊടുത്തിരുന്നു. എന്നാല്‍ തര്‍ക്കത്തിനിടെ ആരതിയെ യുവാവും ബന്ധുക്കളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Tags: