മധ്യപ്രദേശില്‍ ബസ് ജീവനക്കാര്‍ യുവതിയെ ബലാല്‍സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

Update: 2022-03-12 19:10 GMT

ധര്‍; മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ യുവതിയെ ബസ് ജീവനക്കാര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. പ്രതികളായ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. മൂന്നാമന്‍ ഒളിവിലാണ്.

'' കൂട്ടബലാല്‍സംഗത്തിനിരയായെന്ന യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പേരാണ് പ്രതികള്‍. രണ്ട് പേരെ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു''- ധര്‍ എസ് പി ആദിത്യ പ്രതാപ് സിങ് പറഞ്ഞു.

മനവാര്‍ പോലിസ് പറയുന്നതനുസരിച്ച് കുക്ഷിയില്‍ നിന്ന് മനവാറിലേക്കുളള ബസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. ലോങ്‌സരായില്‍ ഇറങ്ങാനാണ് ഉദ്ദേശിച്ചത്. പക്ഷേ, ബസ് ജീവനക്കാര്‍ ഇവരെ ഇറക്കിയില്ല. ഇത് കണ്ട് മറ്റ് യാത്രക്കാര്‍ ഒച്ചവച്ചു. അവരെ ഗാന്ധിവാനിയില്‍ ഇറക്കാമെന്ന് യാത്രക്കാര്‍ക്ക് ഉറപ്പ് നല്‍കി. അതിനിടയില്‍ ബസ് കാലിയായി. ഒഴിഞ്ഞ പ്രദേശത്ത് ബസ് നിര്‍ത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

യുവതിയുടെ കരച്ചില്‍കേട്ട് എത്തിയ പ്രദേശവാസികളാണ് പ്രതികളെ പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. അയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.

Tags: