ഭര്‍തൃവീട്ടിലെ പീഡനം; രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടി യുവതി, അറസ്റ്റ്
പരിയാരം: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് രണ്ടു മക്കളെയുമെടുത്തു കിണറ്റില്‍ ചാടിയ യുവതി അറസ്റ്റില്‍. കിണറ്റില്‍ ചാടിയതിനേ തുടര്‍ന്ന് 6 വയസ്സുകാരന്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരന്‍ ധനേഷിന്റെ ഭാര്യ പി പി ധനജയാണ് തന്റെ രണ്ടു കുട്ടികളുമായി കിണറ്റില്‍ ചാടിയത്. ഭര്‍തൃവീട്ടിലെ പീഡനമെന്ന പരാതിയില്‍ ഭര്‍തൃമാതാവ് ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയും പോലിസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ അമ്മ ശ്യാമള ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് 2 കുട്ടികളുമായി കിണറ്റില്‍ ചാടിയതെന്ന ധനജയുടെ മൊഴിയിലാണ് ശ്യാമളയ്‌ക്കെതിരെ പോലിസ് കേസെടുത്തത്.
കിണറ്റില്‍ ചാടിയതിനേ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ധ്യാന്‍ കൃഷ്ണ രണ്ടു ദിവസം മുമ്പാണ് മരിച്ചത്. മറ്റൊരു കുട്ടിയായ ദിയയുടെ ആരോഗ്യനില തൃപ്തികരമാണ്. അറസ്റ്റിലായ ധനജയെ റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ വനിതാ ജയിലിലേക്കു മാറ്റി. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.