പാലക്കാട്: ദേശീയപാത കണ്ണനൂര്‍ തോട്ടുപാലത്തിന് സമീപം സ്‌കൂട്ടറില്‍നിന്ന് തെറിച്ചുവീണ യുവതി ലോറിയിടിച്ച് മരിച്ചു. എരിമയൂര്‍ ചിമ്പുകാട് നാജിയ(27)ആണ് മരിച്ചത്. കുഴല്‍മന്ദത്തില്‍ നിന്ന് ഭര്‍ത്താവ് അബ്ദുള്‍ ലത്തീഫിനൊപ്പം സ്‌കൂട്ടറില്‍ പാലക്കാട്ടേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
കണ്ണനൂര്‍ തോട്ടുപാലത്തിന് സമീപത്ത് ദേശീയപാതയില്‍ കൂട്ടിയിരുന്ന മണലില്‍ തട്ടി സ്‌കൂട്ടറില്‍നിന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. റോഡില്‍ വീണ നാജിയയുടെ ശരീരത്തിലൂടെ ലോറി കയറി. ഗുരുതരമായി പരിക്കേറ്റ നാജിയയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ ചികില്‍സയ്ക്ക് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ മരിച്ചു. കുഴല്‍മന്ദം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.