മലേഗാവ് സ്‌ഫോടനക്കേസില്‍ സാക്ഷി കൂറുമാറി

Update: 2021-08-29 07:58 GMT

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ സാക്ഷി കൂറുമാറിയതായി എന്‍ഐഎ. 2008ലാണ് മലേഗാവ് സ്‌ഫോടനം നടന്നത്. നേരത്തെ ഭീകരവിരുദ്ധ സ്‌ക്വഡ് അന്വേഷിച്ചിരുന്ന കേസാണ് പിന്നീട് എന്‍ഐഎക്ക് കൈമാറിയത്. 

സ്‌ഫോടനക്കേസിലെ പ്രതിയായ ലഫ്റ്റ്‌നന്റ് കേണല്‍ പുരോഹിതിന്റെ ഇതുസംബന്ധിച്ച പ്രസംഗം താന്‍ കേട്ടിരുന്നുവെന്നും പാകിസ്താന്‍ ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞതായും സാക്ഷി മൊഴി നല്‍കിയിരുന്നു. അതാണിപ്പോള്‍ കോടതിയില്‍ നിഷേധിച്ചത്.

കഴിഞ്ഞ ദിവസമാണ് എന്‍ഐഎ പ്രത്യേക കോടതിയില്‍ കേസ് പരിഗണനക്ക് വന്നത്. 2008ല്‍ എടിഎസ്സിന് മൊഴി നല്‍കിയിട്ടില്ലെന്ന് സാക്ഷി കോടതിയെ അറിയിച്ചു. പ്രോസിക്യൂട്ടര്‍ അവിനാഷ് റസല്‍ ചോദിച്ച മിക്കവാറും ചോദ്യങ്ങള്‍ക്കും സാക്ഷി നിഷേധാത്മകമായി മൊഴി നല്‍കി. തുടര്‍ന്നാണ് സാക്ഷി കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയിലെ മലേഗാവ് പള്ളിക്കരികില്‍ 2008 സപ്തംബര്‍ 29ന് നടന്ന സ്‌ഫോടനത്തില്‍ 6 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രഗ്യാ സിങ് താക്കൂര്‍ അടക്കം നിരവധി ബിജെപി നേതാക്കള്‍ പ്രതിയായ കേസാണ് ഇത്.

Tags:    

Similar News